will

ഒട്ടാവ: പാർലമെന്റിന്റെ സൂം മീറ്റിംഗിൽ പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ട് കനേഡിയൻ എം.പി വില്യം ആമോസ്. ബുധനാഴ്ച ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് കോമൺസിന്റെ ഓൺലൈൻ മീറ്റിംഗിനിടെ വില്യം ആമോസിന്റെ ലാപ്ടോപ് കാമറ അബദ്ധത്തിൽ ഓണായതാണ് വിനയായത്. ഇതോടെ മറ്റ് എം.പിമാരുടെ സ്‌ക്രീനിൽ ആമോസ് നഗ്നനായി പ്രത്യക്ഷപ്പെട്ടു.

കനേഡിയൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട സ്‌ക്രീൻ ഷോട്ടിൽ വില്യം ആമോസ് നഗ്‌നനായി നിൽക്കുന്നത് കാണാം. സംഭവം വിവാദമായതോടെ ലിബറൽ പാർട്ടി നേതാവും ക്യുബക് എം.പിയുമായ വില്യം ആമോസ് പരസ്യമായി മാപ്പ് അപേക്ഷിച്ചു.

തന്റെ ഭാഗത്തുനിന്നുണ്ടായ ദൗർഭാഗ്യകരമായ ഒരു പിഴവായിരുന്നു അതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വസ്ത്രം മാറുന്നതിനിടയിൽ തന്റെ വീഡിയോ ആകസ്മികമായി ഓണായെന്നും മനഃപ്പൂർവമല്ലാത്ത ഈ പ്രവർത്തിയുടെ പേരിൽ സഹ എം.പിമാരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്റേണൽ കോൺഫറൻസ് ഫീഡിൽ പാർലമെന്റ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാത്രമേ ആമോസിനെ കാണാൻ സാധിച്ചിരുന്നുള്ളൂ. അദ്ദേഹം സംസാരിക്കാത്തതിനാൽ, അദ്ദേഹത്തിന്റെ ചിത്രം പൊതു ഫീഡിൽ കാണിച്ചില്ല. കൊവിഡിനെ തുടർന്ന് കനേഡിയൻ പാർലമെന്റ് അംഗങ്ങൾ വീഡിയോ കോൺഫറൻസ് വഴിയാണ് പാർലമെന്റ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.