ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് വായ്പാത്തട്ടിപ്പ് നടത്തിയ കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി. ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചു. എന്നാൽ നീരവിന് ഇപ്പോഴും ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.
നേരത്തെ, നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച രേഖകൾ സ്വീകാര്യമാണെന്നാണ് കോടതി അറിയിച്ചത്. കൊവിഡും ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കും എന്നതടക്കം നീരവ് ഉന്നയിച്ച വാദങ്ങളെല്ലാം അന്ന് കോടതി തള്ളിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് കോടികളുടെ തട്ടിപ്പാണ് നടത്തിയത്.
കേസ് ഇങ്ങനെ
ഇ.ഡിയും സി.ബി.ഐയും ഫയൽ ചെയ്ത 2 പ്രധാന കേസുകളാണ് നീരവിനു നേരിടേണ്ടി വന്നത്. നീരവും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് 14,000 കോടിയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷനൽ ബാങ്ക് വഴി നടത്തിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലൂടെ കടത്തിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് രേഖകൾ ഉപയോഗിച്ചാണ് നീരവ് വിദേശത്തു തട്ടിപ്പുകൾ നടത്തിയത്. പിഎൻബിയുടെ ഉറപ്പിന്റെ പിൻബലത്തിൽ വിദേശബാങ്കുകളിൽ നിന്ന് ഇയാൾ വൻ തോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തത് മൂലമുള്ള ബാദ്ധ്യത പി.എൻ.ബിയുടെ ചുമലിലായി. നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്‌സി എന്നിവർ പി.എൻ.ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വൻ ക്രമക്കേടുകൾ പുറത്തു വന്നത്.
നീരവിനെ കാത്ത് മുംബയിലെ ജയിൽ
ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകിയില്ലെങ്കിൽ നീരവ് മോദിയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും. ഇന്ത്യയിലെത്തിച്ചാൽ നീരവിനെ മുംബയ് ആർതർ റോഡ് ജയിലിലെ 12-ാം നമ്പർ ബാരക്കിൽ പാർപ്പിക്കാനാണ് സാദ്ധ്യത.
നിലവിൽ തെക്കുപടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്‌സ്വർത് ജയിലിലാണ് നീരവ്. 2019 മാർച്ച് 20ന് അറസ്റ്റിലായതു മുതൽ നീരവ് നിയമപോരാട്ടം നടത്തുന്നത് ഈ ജയിലിൽ നിന്നാണ്.
കേസിൽ കുടുങ്ങിയിട്ടും കുലുങ്ങിയില്ല
ഇന്ത്യയിൽ നിന്ന് കോടികളുടെ തട്ടിപ്പു നടത്തിയിട്ടും കുലുക്കമില്ലാത്ത ആഡംബര ജീവിതമായിരുന്നു നീരവിന്റേത്. നീരവ് ലണ്ടനിലുണ്ടെന്ന് യു.കെ സർക്കാർ സ്ഥിരീകരിച്ചെങ്കിലും തട്ടിപ്പുകാരന്റെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവന്നത് 'ടെലിഗ്രാഫ്' പത്രമായിരുന്നു.
കോടതിയിൽ ബുട്ടിക്ക് ലോ എന്ന മുന്തിയ വക്കീൽ സ്ഥാപനത്തെ അണിനിരത്തി നീരവ് ഇന്ത്യൻ അന്വേഷണ ഏജൻസികളെ നേരിട്ടു. വൻ ജാമ്യസംഖ്യ കെട്ടിവച്ച് വീട്ടുതടങ്കൽ കഴിയാമെന്ന നീരവിന്റെ നിർദേശം കോടതി ആദ്യം തന്നെ തള്ളി. ലോകോത്തര വജ്രാഭരണ ബ്രാൻഡുകൾ സൃഷ്ടിക്കുന്ന നീരവിന്റെ കഴിവിനെ വാഴ്ത്തി ഫ്രഞ്ച് ആഭരണ വിദഗ്ദ്ധൻ തിയറി ഫ്രിഷ് കോടതിയിൽ നൽകിയ മൊഴി ചീറ്റിപ്പോയി. നീരവിന് ആത്മഹത്യാപ്രവണതയുണ്ടെന്നു വാദിക്കാൻ മനഃശാസ്ത്ര വിദഗ്ദ്ധൻ എത്തിയെങ്കിലും അതും ഏശിയില്ല. ഇന്ത്യൻ നീതിന്യായവ്യവസ്ഥ സ്വതന്ത്രമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും സ്ഥാപിച്ച് നീരവിന്റെ ഇന്ത്യയിലേക്കുള്ള നാടുകടത്തൽ തടയാൻ മുൻ ഇന്ത്യൻ ജഡ്ജിമാരായ അഭയ് തിപ്‌സെയെയും മാർക്കണ്ഡേയ കട്ജുവും നടത്തിയ ശ്രമങ്ങളും വെസ്റ്റ്മിനിസ്റ്റർ കോടതി പൊളിച്ചടക്കി. ജസ്റ്റിസ് കട്ജുവിനെതിരെ കോടതി രൂക്ഷമായ വിമർശനവും നടത്തി.