സിംഗപൂർ: മുൻ ഭാര്യയ്‌ക്ക് നേരെ നിരന്തരം കൈയേറ്റം ചെയ്യുകയും പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തയാൾക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. പതിനെട്ട് ആഴ്‌ച ജയിൽ ശിക്ഷയും 3000 ഡോളർ പിഴയുമാണ് ശിക്ഷ. സിംഗപൂരിലാണ് സംഭവം. പ്രതിയും ഭാര്യയും തമ്മിൽ ഓരോ കാര്യങ്ങൾക്ക് തർക്കവും വഴക്കും പതിവായിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ പ്രതിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് വീട്ടിലെ കറന്റ് കട്ട് ചെയ്‌തു. ഇത് മനസ്സിലാക്കിയ ഭാര്യ ഇയാളുമായി വഴക്കിടുകയും പിന്നീടത് തമ്മിൽതല്ലായി മാറി. ഒടുവിൽ പൊലീസ് എത്തിയാണ് അന്ന് വഴക്ക് തീർത്തത്. നിരന്തരം വഴക്കായതോടെ ഇയാൾക്കെതിരെ കോടതിയെ സമീപിച്ച ഭാര്യ സുരക്ഷാ ഉത്തരവ് നേടി. പ്രതി ആക്രമിക്കാൻ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് പകരം നിരന്തരം അസഭ്യം പറയുന്നത് ഇയാൾ തുടർന്നു.
ഇതിനിടെയാണ് ഇയാൾ കുളിമുറിയിൽ രഹസ്യമായി ക്യാമറ ഘടിപ്പിച്ചത്. ചുവരിൽ ഒട്ടിച്ചുവച്ചിരുന്ന ക്യാമറ കുളിക്കുന്നതിനിടെ ഇളകി താഴെ വീണത് ഭാര്യ കണ്ടതോടെയാണ് ഇയാൾ പിടിയിലായത്. ഭാര്യയെ ഇഷ്‌മല്ലെങ്കിലും ഭാര്യയുടെ ശരീരം ഇഷ്‌ടമായതിനാലാണ് ഇങ്ങനെ ചെയ്‌തതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. പ്രതിയുടെ കുറ്റസമ്മതം കേട്ട് കോടതിയിലുണ്ടായിരുന്നവരെല്ലാം അമ്പരന്നു.
ഭാര്യയെ ആക്രമിച്ചതിന് മൂന്ന് വർഷം വരെ തടവോ 5000 ഡോളർ പിഴയോ, നഗ്‌നചിത്രം പകർത്തിയതിന് രണ്ട് വർഷം തടവോ ആണ് ലഭിക്കേണ്ടത്. ഇവയെല്ലാം ചേർത്താണ് പതിനെട്ട് ആഴ്‌ച ജയിൽ ശിക്ഷയും 3000 ഡോളർ പിഴയും ജഡ്‌ജി വിധിച്ചത്.