അന്ത്യയാത്രയ്ക്കായി കസ്റ്റമൈസ്ഡ് ലാൻഡ് റോവർ ഡിഫെൻഡർ
സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് 30 പേർ
ഹാരി രാജകുമാരനും പങ്കെടുക്കും
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരം എല്ലാവിധ ആചാരങ്ങളും പാലിച്ച്, ഇന്ന് വിൻസർ കാസിലിലെ സെന്റ് ജോർജ്‌സ് ചാപ്പലിൽ നടക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങുകൾ. അതിനാൽ 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. ഫിലിപ്പ് രാജകുമാരന്റെ മക്കൾ, കൊച്ചുമക്കൾ, ഏറ്റവുമടുത്ത ബന്ധുക്കൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
സംസ്‌കാരത്തിന് ശേഷം രണ്ടാഴ്‌ചത്തേക്ക് രാജ്യത്ത് ദുഃഖാചാരണം നടത്തും.
15 വർഷങ്ങൾക്ക് മുമ്പ് ഫിലിപ്പ് രാജകുമാരന്റെ നിർദ്ദേശപ്രകാരം രൂപകൽപ്പന ചെയ്ത ലാൻഡ് റോവർ ഡിഫെൻഡറിലാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര. ആചാരപരമായ ശവസംസ്കാര ഘോഷയാത്രയ്ക്കായി ഈ വാഹനമാണ് അലങ്കരിച്ച് തയ്യാറാക്കി. സംസ്‌കാരത്തിന് മുന്നോടിയായി വിൻഡ്‌സർ കാസിലിന്റെ മുന്നിലൂടെ വാഹനം പ്രദക്ഷിണം ചെയ്യും. മറ്റൊരു വാഹനത്തിൽ രാജകുടുംബത്തിലെ അംഗങ്ങൾ മൃതദേഹം വഹിക്കുന്ന വാഹനത്തെ അനുഗമിക്കും.
രാജകുമാരൻമാരായ ചാൾസ്, വില്യം, ഹാരി, പ്രിൻസസ് ആനീ, പ്രിൻസ് ആൻഡ്രൂ, എഡ്വേഡ് എന്നിവർക്കൊപ്പം അടുത്ത രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.
ഏപ്രിൽ 9നാണ് എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക് ഓഫ് എഡിൻബർഗ്) ഫിലിപ് രാജകുമാരൻ (99) അന്തരിച്ചത്.
വസ്ത്ര വിവാദത്തിന് പരിഹാരമായി
ഭർത്താവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട വസ്ത്രവിവാദത്തിൽ പരിഹാരമാർഗവുമായി എലിസബത്ത് രാജ്ഞി. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളിൽ ഹാരി രാജകുമാരനും ആൻഡ്രൂ രാജകുമാരനും സൈനിക യൂണിഫോം ധരിക്കണമെന്ന ആവശ്യമാണ് വിവാദമായത്.
സാധാരണ ഔദ്യോഗിക പരിപാടികളിൽ രാജകുടുംബാഗങ്ങൾ അവർ വഹിക്കുന്ന പദവികൾ സൂചിപ്പിക്കുന്ന സൈനിക യൂണിഫോമുകളാണ് ധരിക്കാറുള്ളത്.
എന്നാൽ ഇത്തവണ രാജ്ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരനും കൊച്ചുമകൻ ഹാരിയും എന്ത് ധരിക്കണമെന്നതിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായതായാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡ്യൂക് ഓഫ് സക്‌സസ് ഹാരി രാജകുമാരൻ തന്റെ രാജപദവികളെല്ലാം വേണ്ടെന്നുവച്ച് ലോസ് ഏഞ്ചൽസിൽ ഭാര്യ മേഗനും മകനുമൊപ്പമാണ് താമസം.
എന്നാൽ വിവാഹ ദിവസം താൻ ധരിച്ച യൂണിഫോം മരണാനന്തര ചടങ്ങിലും ധരിക്കണമെന്നാണ് ഹാരിയുടെ ആഗ്രഹം. ഡ്യൂക് ഓഫ് യോർക് ആൻഡ്രൂ രാജകുമാരൻ യു.എസ് ഫിനാൻസർ ജെഫ്രി എപ്‌സറ്റീനുമായി ചേർന്നുള്ള വിവാദത്തിൽ രാജകീയ പദവികൾ ഒഴിഞ്ഞിരുന്നു. എങ്കിലും 60ാം ജന്മദിനത്തിൽ തനിക്ക് ലഭിച്ച അഡ്മിറൽ യൂണിഫോം ധരിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്ന താത്പര്യം ആൻഡ്രൂവും പ്രകടിപ്പിച്ചു.
എന്നാൽ തർക്കം ഒഴിവാക്കാൻ എല്ലാവരും വിലാപ സ്യൂട്ടുകൾ ധരിക്കാൻ രാജ്ഞി ആവശ്യപ്പെട്ടെന്നാണ് വിവരം.