ഹോങ്കോംഗ്: 2019ൽ ഹോങ്കോംഗിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് രാജ്യത്തെ ഏറ്റവും വലിയ മാദ്ധ്യമ സാമ്രാജ്യത്തിന്റെ ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായ്ക്ക് ഒരുവർഷം തടവ് ശിക്ഷ വിധിച്ച് ഹോങ്കോംഗ് കോടതി.
രാജ്യത്തെ മുൻനിര ടാബ്ളോയിഡായ 'ആപ്പിൾ ഡെയ്ലി' സ്ഥാപകനായ ജിമ്മി കടുത്ത ചൈനീസ് വിമർശകനാണ്. അടുത്തിടെ ചൈന ഹോങ്കോംഗിൽ പിടിമുറുക്കിയതിന് പിന്നാലെയാണ് വിമർശകരെ തെരഞ്ഞുപിടിച്ച് ജയിലിലടയ്ക്കാൻ തുടങ്ങിയത്. ഒരു വർഷം മുമ്പ് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് വേറെയും പ്രമുഖരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 ആഗസ്റ്റ് 18ന് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്നാണ് 73കാരനായ ജിമ്മി ലായ്ക്കെതിരായ കേസ്. ആഗസ്റ്റ് 31ലെ സമരവുമായി ബന്ധപ്പെട്ട് മൂന്നു പേർക്ക് കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്.
നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ജിമ്മി ജയിലിൽ നിന്ന് അയച്ച കത്തിന്റെ കൈയെഴുത്തു രൂപം കഴിഞ്ഞ ദിവസം ആപ്പിൾ ഡെയ്ലി പ്രസിദ്ധീകരിച്ചിരുന്നു. ''സത്യം അന്വേഷിക്കൽ മാദ്ധ്യമ പ്രവർത്തകരെന്ന നിലയ്ക്ക് നമ്മുടെ ബാദ്ധ്യതയാണ്. അനീതി നിറഞ്ഞ പ്രലോഭനങ്ങൾ നമ്മെ അന്ധരാക്കാത്തിടത്തോളം, തിന്മയെ ജയിക്കാൻ വിടാത്തിടത്തോളം നാം നമ്മുടെ ഉത്തരവാദിത്വമാണ് നിർവഹിക്കുന്നത്?''- ജിമ്മി കത്തിൽ കുറിച്ചു.