ന്യൂഡൽഹി: കുംഭമേളയിൽ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. നിർവാണീ അഘാടയിലെ മഹാമണ്ഡലേശ്വർ കപിൽ ദേവ് ദാസ് കൊവിഡ് ബാധയെത്തുടർന്ന് ഏപ്രിൽ പതിമൂന്നോടെ മരിച്ചതായ വാർത്തകളാണ് പുറത്ത് വരുന്നത്. 80ലധികം സന്യാസിമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
കുംഭമേളയിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് പേർ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതോടെ തീർത്ഥാടകർക്കുൾപ്പെടെ രോഗം പടർന്നു പിടിക്കുകയാണ്. കൊവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കുംഭമേള നടത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം പേർ പങ്കെടുക്കാറുണ്ട്. ഈ ആഴ്ച്ചയിലെ രണ്ട് ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ് മേളയിൽ പങ്കെടുത്തത്.
അതേസമയം തുടർച്ചയായ രണ്ടാം ദിനവും രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,17,353 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ചത്തീസ്ഗഡ്, കർണാടക, മദ്ധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. പുതിയ രോഗികളുടെ 79.10 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.