ബൈക്കിൽ 'ട്രിപ്പിൾസ്' അടിച്ചതിന് പൊലീസ് പിടികൂടുന്ന വീഡിയോ വൈറൽ. കേരള പൊലീസ് തന്നെ പങ്കുവച്ച ചിരിയുണർത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യമാണ് പൊലീസ് ബാക്ഗ്രൗണ്ട് മ്യൂസിക്കിന്റെയും സിനിമാ ദൃശ്യത്തിന്റെയും അകമ്പടിയോടെ പങ്കുവച്ചിരിക്കുന്നത്. മൂന്ന് പേർ ഒരു ബൈക്കിലായി വരുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
പെട്ടെന്ന് ഇവർ ബൈക്ക് നിർത്തുകയും അതിൽ നിന്നും രണ്ടുപേർ ചാടിയിറങ്ങി പുറകിലേക്ക് ഓടുകയും ചെയ്യുന്നുണ്ട്. ശേഷം ഇവരിലൊരാൾ ഒന്നുമറിയാത്തതുപോലെ മുഖത്ത് മാസ്കും വച്ച് നടന്നുപോകുന്നു. പിന്നെയാണ് ട്വിസ്റ്റ് മനസിലാകുന്നത്. മുൻപിൽ പൊലീസ് വാഹനം കണ്ടിട്ടാണ് ഇവർ ഇത്തരത്തിൽ പെട്ടെന്ന് പ്രതികരിച്ചത്.
ഏതായാലും പൊലീസിനെ കാണാത്തതുപോലെ മാന്യനായി നടന്നുപോകുന്ന കൂട്ടത്തിലുള്ള ചേട്ടനെ പൊലീസുകാരെത്തി 'നൈസായി' പൊക്കുന്നതാണ് വീഡിയോയുടെ ഒടുക്കം കാണുന്നത്. ഈ ചേട്ടനെ ഇൻ ഹരിഹർ നഗറിലെ ജഗദീഷിനോടാണ് സോഷ്യൽ മീഡിയഎം ഉപമിക്കുന്നത്. ചേട്ടന്റെ അഭിനയത്തോടൊപ്പം മാസ്ക് വയ്ക്കാൻ കാണിച്ച ഇദ്ദേഹത്തിന്റെ 'വലിയ മനസി'നെയും സോഷ്യൽ മീഡിയ 'പ്രകീർത്തിക്കുന്നു'ണ്ട്.