ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണക്കമ്പനിയായ മാരുതി സുസുക്കി വിവിധ മോഡലുകൾക്ക് 22,500 രൂപവരെ വില വർദ്ധന പ്രഖ്യാപിച്ചു. അസംസ്കൃതവസ്‌തുക്കളുടെ വിലക്കയറ്റം മൂലം ഉത്‌പാദനച്ചെലവ് ഏറിയതിനാലാണ് വിലവർദ്ധിപ്പിക്കാൻ നിർബന്ധിതരായതെന്ന് കമ്പനി വ്യക്തമാക്കി. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിൽ വന്നു. കൊവിഡിൽ അസംസ്കൃതവസ്‌തുക്കളുടെ വിതരണശൃംഖലയിലുണ്ടായ തടസങ്ങളും വാഹന നിർമ്മാണ കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സെലറിയോ, സ്വിഫ്‌റ്റ് എന്നിവയൊഴികെയുള്ള മോഡലുകൾക്കാണ് വില വർദ്ധന. ചെറുകാർ ശ്രേണിയിലുള്ള ഓൾട്ടോ (ഡൽഹി എക്‌സ്‌ഷോറൂം വില 2.99 ലക്ഷം രൂപ) മുതൽ എസ്.യു.വിയായ എസ്-ക്രോസ് (എക്‌സ്‌ഷോറൂം വില 12.39 ലക്ഷം രൂപ) വരെയുള്ള മോഡലുകളാണ് മാരുതിക്കുള്ളത്. ജനുവരിയിലും വിവിധ മോഡലുകൾക്ക് മാരുതി 34,000 രൂപവരെ വില വർദ്ധിപ്പിച്ചിരുന്നു.