loans

കൊച്ചി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ വായ്‌പാ പുനഃക്രമീകരണത്തിന് കൂടുതൽ സാവകാശം തേടി ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) റിസർവ് ബാങ്കിനെ സമീപിച്ചു. വൻകിട സംരംഭക വായ്‌പകൾക്ക് 2020 ഡിസംബർ വരെയും ചെറുകിട സംരംഭക (എം.എസ്.എം.ഇ) വായ്‌പകൾക്ക് ഈവർഷം മാർച്ച് 31 വരെയുമാണ് പുനഃക്രമീകരണത്തിന് സമയം അനുവദിച്ചിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തമാകുംമുമ്പേ, കൊവിഡ് വീണ്ടും ഭീതി വിതയ്ക്കുന്നതിനാൽ ഒരുവർഷം കൂടി സാവകാശം വേണമെന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം. കഴിഞ്ഞവാരം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസുമായി നടത്തിയ കൂടിക്കാഴ്‌ചയിലും ബാങ്കുകൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഉയരുന്ന കൊവിഡ് കേസുകൾ, പ്രാദേശിക ലോക്ക്ഡൗണുകൾ, വാക്‌സിൻ ക്ഷാമം എന്നിവ സമ്പദ്‌വളർച്ചയുടെ തിരിച്ചുകയറ്റത്തിന് തിരിച്ചടിയായെന്നും സംരംഭങ്ങൾ ഇപ്പോഴും മൂലധന പ്രതിസന്ധി നേരിടുകയാണെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിസന്ധി ഇനിയും രൂക്ഷമായാൽ റീട്ടെയിൽ, എം.എസ്.എം.ഇ വായ്‌പകളെയാണ് അത് കൂടുതൽ ബാധിക്കുക. കൊവിഡിന്റെ ആദ്യ തരംഗവേളയിൽ ഫണ്ടിംഗ് പിന്തുണ ഇവർക്ക് നൽകാൻ സാധിച്ചിരുന്നു. സ്ഥിതി വഷളായാൽ അത് പണലഭ്യതയെ സാരമായി ബാധിക്കുമെന്നും ഈ സാഹചര്യത്തിൽ വായ്‌പാ പുനഃക്രമീകരണത്തിന് കൂടുതൽ സാവകാശം അനിവാര്യമാണെന്നും ബാങ്കുകൾ വ്യക്തമാക്കി.

നേരത്തെ, 25 കോടി രൂപവരെയുള്ള എം.എസ്.എം.ഇ വായ്‌പകളുടെ പുനഃക്രമീകരണത്തിനാണ് റിസർവ് ബാങ്ക് മാർച്ച് 31വരെ സമയം നൽകിയത്. എന്നാൽ, ഇതിന് ആവശ്യക്കാർ തീരെക്കുറവായിരുന്നു. മൊത്തം എം.എസ്.എം.ഇ വായ്‌പയുടെ മൂന്നു ശതമാനം വരെ മാത്രമാണ് പുനഃക്രമീകരിക്കപ്പെട്ടത്. ഈവർഷം ജനുവരിയിലെ കണക്കുപ്രകാരം ഇന്ത്യയിലെ മൊത്തം വായ്‌പയായ 94.97 ലക്ഷം കോടി രൂപയുടെ 12.09 ശതമാനമാണ് എം.എസ്.എം.ഇ വായ്‌പകൾ.