മുംബയ് : ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 107 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണ് എടുത്തത്. ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
നാലോവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ദീപക് ചാഹറാണ് പഞ്ചാബിനെ തകർത്തത്. മുൻനിര ബാറ്റ്സ്മാൻമാരായ മായങ്ക് അഗർവാൾ (പൂജ്യം), ക്രിസ് ഗെയ്ൽ (പത്ത്), ദീപക് ഹൂഡ (പത്ത്), നിക്കോളാസ് പൂരൻ (പൂജ്യം) എന്നിവരെയാണ് ചാഹർ മടക്കിയത്.
ആറാമനായി ക്രീസിലെത്തിയ ഷാരൂഖ് ഖാൻ നേടിയ 47 റൺസാണ് പഞ്ചാബിന്റെ സ്‌കോർ 100 കടത്തിയത്.. 15 റൺസുമായി ജെയ് റിച്ചാർഡ്സ് ഷാരൂഖിനെ പിന്തുണച്ചു. മുഹമ്മദ് ഷമി ഒൻപത് റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്ടൻ കെ.എൽ. രാഹുലിനെ ജഡേജ റണ്ണൗട്ടാക്കി.
സാം കറൻ, മോയിൻ അലി, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.