വാങ്കഡേ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ബൗളർമാരുടെ മികവിൽ ചെന്നൈ സൂപ്പർ കിംഗ്സ് 6 വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ കീഴടക്കി. ദീപക് ചഹറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബൗളിംഗ് ആക്രമണത്തതിന് മുന്നിൽ ചൂളിപ്പോയ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ചെന്നൈ 17.4 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു 107/4.
4 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 13 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹറാണ് പഞ്ചാബിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത്. ചഹറിന്റെ പന്തിൽ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലിനെ പുറത്താക്കാൻ പറന്നെടുത്ത ക്യാച്ചും പഞ്ചാബ് ക്യാപ്ടൻ കെ.എൽ രാഹുലിനെ റണ്ണൗട്ടാക്കിയ ഉന്നം പിഴക്കാത്ത ത്രോയും അവരുടെ ടോപ് സ്കോറർ ഷാരൂഖാനെ പുറത്താക്കാനെടുത്ത ക്യാച്ചുമായി ഫീൽഡിംഗിൽ നിറഞ്ഞാടിയ രവീന്ദ്ര ജഡേജയുടെ പ്രകടനവും ചെന്നൈയുടെ വിജയത്തിൽ നിർണായകമായി.
ടോസ് നേടിയ ചെന്നൈ ക്യാപ്ടൻ എം.എസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവച്ച് മായങ്ക് അഗർവാളിനെ ആദ്യ ഓവറിൽത്തന്നെ ക്ലീൻബൗൾഡാക്കി ചഹർ ചെന്നൈക്ക് തുടക്കത്തിലേ മുൻതൂക്കം നൽകി. അധികം വൈകാതെ ക്രിസ് ഗെയിലും (10),കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ദീപക്ക് ഹൂഡയും (10) ചഹറിന് വിക്കറ്റ് സമ്മാനിക്കുകയും രാഹുൽ റണ്ണൗട്ടാവുകയും ചെയ്തതോടെ 26/5 എന്ന നിലയിലായി അവർ. പിന്നീട് 36 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 47 റൺസ് നേടിയ ഷാരൂഖ് ഖാന്റെ ചെറുത്ത് നിൽപ്പാണ് പഞ്ചാബിനെ നൂറ് കടത്തിയത്.
മറുപടിക്കിറങ്ങിയ ചെന്നൈ നിരയിൽ 31 പന്തിൽ 7 ഫോറും 1 സിക്സും ഉൾപ്പെടെ 46 റൺസെടുത്ത മോയിൻ അലി ചേസിംഗിൽ മുന്നണിപ്പോരാളിയായി. 33 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെടെ 36 റൺസുമായി ഫാഫ് ഡുപ്ലെസിസും തന്റെ റോൾ ഭംഗിയാക്കി.
പഞ്ചാബിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. സുരേഷ് റെയ്നയേയും (8), അമ്പാട്ടി റായിഡുവിനേയും (0) അടുത്തടുത്ത പന്തുകളിലാണ് ഷമി പുറത്താക്കിയത്. ചെന്നൈയുടെ സീസണിലെ ആദ്യ ജയമാണിത്.
ഐ.പി.എല്ലിൽ ഇന്ന്
മുംബയ്- ഹൈദരാബാദ്
(രാത്രി 7.30 മുതൽ)