തിരുവനന്തപുരം: ജുവലറികൾക്ക് സ്വർണം നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ തിരുവനന്തപുരം പളളിപ്പുറത്തുവച്ച് ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ വീട്ടിൽ നിന്നും കവർച്ച ചെയ്ത സ്വർണവും പൊലീസ് കണ്ടെത്തി. സമ്പത്തിന്റെ കാറിലുണ്ടായിരുന്ന പണം ലക്ഷ്യമിട്ടാണ് പ്രതികൾ കവർച്ച പദ്ധതിയിട്ടതെന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി പറഞ്ഞു.
പെരുമാതുറ സ്വദേശികളായ നെബിൻ, അൻസർ, അണ്ടൂർക്കോണം സ്വദേശി ഫൈസൽ, സ്വർണം വിൽക്കാൻ സഹായിച്ച പെരുമാതുറ സ്വദേശി നൗഫൽ എന്നിവരാണ് പിടിയിലായത്. പ്രതികൾ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കാറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് പ്രദേശവാസികളായ പ്രതികളിൽ എത്തിയത്. കാറിന്റെ രഹസ്യ അറിയിലുണ്ടായിരുന്ന 75 ലക്ഷം രൂപയായിരുന്നു പ്രതികളുടെ ലക്ഷ്യം. പക്ഷെ കാർ തട്ടികൊണ്ടുപോകാനുള്ള ശ്രമം പാളിയതോടെ സ്വർണവുമായി കടന്നുകളയുകയായിരുന്നു.
സംഭവം നടന്നതിനു പിന്നാലെ സമ്പത്ത് പണം ബന്ധുവിനെ ഏൽപ്പിച്ചശേഷമാണ് മംഗലപുരം സ്റ്റേഷനിലെത്തി പരാതി നൽകിയത്. എന്നാൽ പിന്നീട് വിവരം പുറത്തു വതോടെ പണം തിരികെ സ്റ്റേഷനിൽ എത്തിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു. കേസിൽ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്.