boat-accident

കൊച്ചി: മംഗളൂരുവിൽ ചരക്കുകപ്പൽ ബോട്ടിലിടിച്ച് കാണാതായ മൂന്നു മീൻപിടിത്ത തൊഴിലാളികളുടെ മൃതദേഹങ്ങൾ നാവികസേനയുടെ കപ്പലായ സർവേഷകിലെ മുങ്ങൽ വിദഗ്ദ്ധർ കണ്ടെടുത്തു. ഇന്നലെ രാത്രി എട്ടോടെ പുറംകടലിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളുമായി കപ്പൽ ഇന്ന് പുലർച്ചെ മംഗളൂരു തുറമുഖത്ത് എത്തുമെന്ന് നാവികസേനാ വക്താവ് അറിയിച്ചു.

കടലിൽ 150 മീറ്റർ ആഴത്തിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. മൃതദേഹങ്ങൾ പൊലീസിന് കൈമാറിയശേഷം തെരച്ചിലിനായി വീണ്ടും പുറങ്കടലിലേയ്ക്ക് പോകും. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരുമെന്ന് സേന അറിയിച്ചു.

മത്സ്യബന്ധന കപ്പലായ റാഫയിൽ സിംഗപ്പൂർ കപ്പലാണ് ഇടിച്ചത്. പൂർണമായും മുങ്ങിപ്പോയ കപ്പലിലെ ജീവനക്കാർ തമിഴ്നാട്, പശ്ചിമബംഗാൾ സ്വദേശികളാണ്.