പൊലീസിന്റെ സേവനങ്ങൾ മൊബൈൽ വഴി ലഭ്യമാക്കുന്ന 'പോൽ-ആപ്പി'ന്റെ പ്രചാരണത്തിനായി മാസ് വീഡിയോ പുറത്തിറക്കി കേരള പൊലീസ്. ആക്രമികൾ ഒരു ചെറുപ്പക്കാരനെ വെടിവച്ച് കൊല്ലാൻ ശ്രമിക്കുമ്പോൾ തക്കസമയത്ത് ബുള്ളറ്റിൽ പറന്നെത്തി അയാളെ രക്ഷിക്കുന്ന പൊലീസ് ഓഫീസറെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോടെ ആശയം സിമ്പിളാണെങ്കിലും അത് ചിത്രീകരിച്ചിരിക്കുന്ന രീതി 'അൽപ്പം കടന്നുപോയി' എന്നാണ് വീഡിയോയ്ക്കടിയിൽ കമന്റുകളുമായി എത്തിയവർ പറയുന്നത്.
ഇതിലും ഭേദം തെലുങ്ക് മാസ് സിനിമ കാണുന്നതായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം. കുറ്റം പറയാൻ പറ്റില്ല. രജനീകാന്ത് സിനിമകളിലെ സീനുകളെ തോൽപ്പിക്കുന്ന തരത്തിലാണ് ഒരു മിനിട്ട് 52 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിലെ ചില ഷോട്ടുകൾ. കൂടുതലൊന്നും പറയേണ്ടതില്ല. പാഞ്ഞുവരുന്ന വെടിയുണ്ട കൈവിരലുകൾ കൊണ്ട് പിടിച്ചെടുത്തുകൊണ്ടാണ് അക്രമികളിൽ നിന്നും ചെറുപ്പക്കാരനെ പൊലീസുകാരൻ രക്ഷിക്കുന്നതായി കാണിക്കുന്നത്.
വീഡിയോയിൽ 'പൊലീസ് പൊലീസ്' എന്ന് തുടങ്ങുന്ന ബിജിഎമ്മും കേൾക്കുന്നുണ്ട്. ഏതായാലും 'അൽപ്പം ഓവറായാലേ ആൾക്കാർ ശ്രദ്ധിക്കൂ' എന്ന 'സിഐഡി മൂസ'യിലെ ഡയലോഗിനെ ഓർമ്മിപ്പിക്കുന്നുണ്ട് പൊലീസിന്റെ ഈ പുതിയ വീഡിയോ. നേരത്തെ ബൈക്കിൽ 'ട്രിപ്പിൾസ്' അടിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ആളെ പിടികൂടുന്ന വീഡിയോ കേരളാ പൊലീസ് ഫേസ്ബുക്ക് പേജ് പങ്കുവച്ചത് വൈറലായിരുന്നു.