ന്യൂയോർക്ക് : ലോകത്തെ വീണ്ടും ഭയപ്പെടുത്തുന്ന കൊവിഡ് മഹാമാരി വായുവിലൂടെയും പകരുമെന്ന് പുതിയ പഠനങ്ങൾ. കൊവിഡ് -19ന് കാരണമാകുന്ന സാർസ്–കോവ്–2 വൈറസ് പരക്കുന്നത് വായുവിലൂടെയാണെന്നതിന് ശക്തമായ തെളിവു'ണ്ടെന്ന് പ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ 'ദ് ലാൻസെറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്'. വായുവിലൂടെ പരക്കുന്ന വൈറസിന പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തിൽ പറയുന്നു.
യുഎസ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളിലെ ആറു വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. അടച്ചിട്ട മുറികളിലാണ് രോഗവ്യാപനത്തിനുള്ള സാദ്ധ്യത കൂടുതൽ. വെന്റിലേഷൻ ഉറപ്പാക്കിയ മുറികളിൽ രോഗവ്യാപനം കുറവാണെന്നും പഠനത്തിൽ പറയുന്നു. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ കാര്യമായി കാണാത്തവരിൽ നിന്നാണ് നാൽപതു ശതമാനത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
രോഗവാഹകരുടെ തുമ്മലിലുടെ ഉണ്ടാകുന്ന വലിയ കണങ്ങളിൽ നിന്ന് രോഗവ്യാപനം കാര്യമായി ഉണ്ടാകുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വായുജന്യരോഗമായി കണക്കാക്കി കൊവിഡിനെ പ്രതിരോധിക്കാൻ ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങൾ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.