temple

കണ്ണൂര്‍: ഉത്സവപ്പറമ്പില്‍ മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രകമ്മറ്റിയുടെ ബോര്‍ഡ് വിവാദമാകുന്നു. കണ്ണൂര്‍ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട്കാവ് ക്ഷേത്രകമ്മിറ്റിയുടെ വിവേചനപരമായ നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ക്ഷേത്ര കമ്മിറ്റില്‍ ഭൂരിഭാഗം പേരും സിപിഎം പ്രവര്‍ത്തകരാണ്. അതേസമയം വര്‍ഷങ്ങളായി ബോര്‍ഡ് വക്കാറുണ്ടെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ക്ഷേത്രം കമ്മിറ്റി അറിയിച്ചു.

മത സൗഹാര്‍ദ്ദത്തിന് പേരുകേട്ടതാണ് വടക്കന്‍ മലബാറിലെ കാവ് ഉത്സവങ്ങള്‍. കളിയാട്ട കാവുകളില്‍ ജാതി മത പരിഗണനകള്‍ക്കതീതമായി ആളുകള്‍ ഒത്തുകൂടാറുണ്ട്. എന്നാൽ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട്കാവ് ഉത്സവപ്പറമ്പിലാണ് മുസ്ലീങ്ങള്‍ കയറരുതെന്ന ബോര്‍ഡ് ഉയര്‍ന്നത്. ഈ മതവിദ്വേഷ ബോര്‍ഡ് സ്ഥാപിച്ചത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിനെ രാഷ്ട്രീയ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നേതൃത്വം.