ലോകമെമ്പാടും കൊവിഡിനെ പ്രതിരോധിക്കാനായുള്ള വാക്‌സിൻ കുത്തിവയ്പ് പുരോഗമിക്കുകയാണ്. കോടിക്കണക്കിനാളുകൾ ഇതിനോടകം തന്നെ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. പൂർണമായും പ്രതിരോധ കുത്തിവയ്പ് ലഭിച്ച ആളുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രഖ്യാപിച്ചു.
വാക്‌സിൻ സ്വീകരിച്ചവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് ആരോഗ്യ വിദഗദ്ധരും പറയുന്നുണ്ട്. എന്നിരുന്നാലും വിമാന യാത്രകളിൽ ഭക്ഷണം കഴിക്കുന്നതിനെതിരെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുകയാണ് ഇപ്പോൾ.
ഭക്ഷണം കഴിക്കാനായി യാത്രക്കാരെ മാസ്‌ക് അഴിക്കാൻ അനുവദിക്കുന്നത് അപകടമാണെന്നാണ് സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ ചെയർമാനും 'ഇൻ ബബിൾ' എന്ന പോഡ്കാസ്റ്റിന്റെ അവതാരകനുമായ റോബർട്ട് വാച്ചർ പറയുന്നത്. വിമാനത്തിൽ വെന്റിലേഷൻ സംവിധാനം ഉണ്ടെങ്കിലും യാത്രക്കാർ മാസ്‌ക് അഴിക്കുന്നത് കൊവിഡ് പടരാൻ കാരണമായേക്കാമെന്ന് അടുത്തിടെ പുറത്തുവിട്ട ഒരു പഠന റിപ്പോർട്ടിലും പറയുന്നുണ്ട്.
രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇപ്പോഴും അപകടസാദ്ധ്യത ഉള്ളതെന്ന് യാത്രക്കാർ ചിന്തിച്ചേക്കാം. വാക്‌സിൻ സംരക്ഷണം മികച്ചതാണെങ്കിലും 100% സുരക്ഷ ഉണ്ടെന്ന് പറയാൻ സാധിക്കില്ല. അതിനാൽത്തന്നെ മാസ്‌ക് അഴിച്ചുമാറ്റുകയോ, ഭക്ഷണം കഴിക്കുകയോ, മദ്യപിക്കുകയോ ചെയ്യുന്നത് അപകടകരമാണ്.രോഗം ബാധിക്കാതിരിക്കാൻ ഇടയ്ക്കിടെ കൈകളിൽ അണുനാശിനി ഉപയോഗിക്കണം.കൂടാതെ വൈറസ് കണ്ണിലൂടെ പകരാൻ സാദ്ധ്യതയുള്ളതിനാൽ ഫെയ്സ് ഷീൽഡ് ധരിക്കുക.