covid

ന്യുഡല്‍ഹി: രാജ്യത്തെ കൊവിഡ് ആശങ്ക കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചത്തീസ്ഗഡ്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ ആകെ രോഗികളുടെ 59.79 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 63,729 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 398 പേരാണ് ഇവിടെ മരിച്ചത്.

അതേസമയം കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാല്‍ മതിയെന്നും, രണ്ട് ഷാഹി സ്നാനുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ഇനി ചടങ്ങുകള്‍ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചു.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്ക് ആദ്യതവണ പിടിക്കപ്പെടുന്നവര്‍ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാന്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.