abhimanyu-case

ആലപ്പുഴ: വള‌ളികുന്നത്ത് ഉത്സവത്തിനിടെ 15കാരനായ അഭിമന്യുവിനെ കുത്തിക്കൊല്ലാൻ കാരണം കുട്ടിയുടെ സഹോദരൻ അനന്തുവുമായുള‌ള മുൻവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ദത്തും സംഘവും ഉത്സവപറമ്പിൽ എത്തിയത്. തുടർന്ന് ഇവിടെ നടന്ന സംഘർഷത്തിൽ അഭിമന്യുവിനെ കുത്തിക്കൊല്ലുകയായിരുന്നു.

മുൻപ് ഏപ്രിൽ ഏഴിന് അനന്തുവുമായി സജയ് ദത്തും സംഘവും വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ വള‌ളികുന്നം പൊലീസ് സ്‌റ്റേഷനിൽ കേസുമുണ്ട്. വഴക്കിന് പ്രതികാരമായി ഉത്സപറമ്പിൽ അനന്തുവെത്തുമ്പോൾ ആക്രമിക്കാനായിരുന്നു സജയ് ദത്തിന്റെയും സംഘത്തിന്റെ പദ്ധതി. എന്നാൽ ഉത്സവത്തിനെത്തിയ അഭിമന്യുവിനെയും രണ്ട് ചങ്ങാതിമാരെയും കണ്ട് സജയ് ‌ദത്ത് ഇവരെ ആക്രമിച്ചു. അഭിമന്യുവിനൊപ്പം ചങ്ങാതിമാരായ കടുവിനാൽ നഗരൂർ കുറ്റിയിൽ ശിവാനന്ദന്റെ മകൻ ആദർശ്(19), പടയണിവെട്ടം മങ്ങാട്ട് പുത്തൻവീട്ടിൽ ജയപ്രകാശിന്റെ മകൻ പത്താംക്ളാസ് വിദ്യാർത്ഥിയായ കാശിനാഥ്(15) എന്നിവർക്കും കുത്തേ‌റ്റു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ സജയ് ദത്ത് കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഇയാളുടെ സുഹൃത്തുക്കളും കേസിലെ മ‌റ്റ് പ്രതികളുമായ ആർ.എസ്.എസ് പ്രവർത്തകർ വള‌ളികുന്നം സ്വദേശി അജിത് അച്യുതൻ. ജിഷ്‌ണു തമ്പി (26) എന്നിവരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സജയ് ദത്തിനെ അരൂർ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി. അജിത് അച്യുതനെ കായംകുളം പൊലീസും ജിഷ്‌ണു തമ്പിയെ രാമമംഗലം പൊലീസ് പിറമാടത്ത് നിന്നും പിടികൂടി.