sunil-mittal

ന്യൂഡൽഹി: ഗംഭീര ഓഫറുകളുമായി റിലയൻസ് ജിയോ വന്നതോടെ പല കമ്പനികളും തകർന്നു. എന്നാൽ 'മരണത്തെ മുഖാമുഖം കണ്ടിട്ടും' എയർടെൽ കൂടുതൽ ശക്തിയോടെ തിരിച്ചുവന്നെന്ന് ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞു. ഇപ്പോൾ വയർലെസ് സേവനങ്ങളിലെ എതിരാളികളേക്കാൾ കൂടുതൽ ഉപയോക്താക്കളെ ചേർക്കാൻ എയർടെലിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഒരുപാട് പ്രതിസന്ധികൾ കടന്നുപോയി. മൂന്നോ നാലോ വലിയ പ്രതിസന്ധികൾക്ക് ശേഷം ഞങ്ങൾ ഇന്ന് കൂടുതൽ ശക്തരായി- അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഒരു വർഷത്തോളം ജിയോ സൗജ്യന്യമായും, രണ്ടാമത്തെ വർഷം കൂടുതൽ ഇളവുകളോടെയും സേവനങ്ങൾ നൽകാൻ തുടങ്ങിയതോടെയാണ് എയർടെൽ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ പ്രതിസന്ധിയിലായത്.

ഇതോടെ 12 ടെലികോം സേവന ദാതാക്കളിൽ ഒമ്പത് പേർ പാപ്പരാകുകയോ എയർടെലുമായി ലയിപ്പിക്കുകയോ അല്ലെങ്കിൽ അവർക്കിടയിൽ ലയിക്കുകയോ ചെയ്തു.ഇതിൽ ഒരു കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുന്നുവെന്നും മിത്തൽ പറഞ്ഞു.

കഴിഞ്ഞ നാലഞ്ചു വർഷത്തിനിടയിലെ ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും കമ്പനിക്ക് 12 ബില്യൺ ഡോളർ സമാഹരിക്കാൻ കഴിഞ്ഞുവെന്നും, എയർടെൽ പതിറ്റാണ്ടുകളായി പൂർത്തീകരിച്ച വിശ്വാസ്യതയും പ്രതിബദ്ധതയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആമസോൺ സംഭവ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സുനിൽ മിത്തൽ.

നിലവിൽ എയർടെലിന് ഏകദേശം 34.5 കോടി ഉപയോക്താക്കളുണ്ട്.ജിയോയ്ക്ക് 41.1 കോടി ഉപയോക്താക്കളുണ്ട്. ജനുവരിയിലെ ട്രായി കണക്കുപ്രകാരം വോഡഫോൺ-ഐഡിയയ്ക്ക് ഏകദേശം 28.2 കോടി ഉപയോക്താക്കളുണ്ട്.