കണ്ണൂർ: പെരുമാറ്റച്ചട്ടം നിലനിൽക്കെ, കണ്ണൂർ സർവകലാശാലയിൽ ചട്ടങ്ങൾ മറികടന്ന് തന്നെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ പ്രതികരണവുമായി എ എൻ ഷംസീർ എം എൽ എയുടെ ഭാര്യ ഡോ സഹല. ഷംസീറിന്റെ ഭാര്യ ആയതു കൊണ്ട് മാത്രമാണ് തന്നെ വേട്ടയാടുന്നതെന്ന് സഹല പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കപ്പെട്ട് ഇന്റർവ്യൂ നടത്തിയത് എന്തിനാണെന്ന് സർവകലാശാല വിശദീകരിക്കട്ടെ. ശുപാർശ വഴിയാണെങ്കിൽ നേരത്തെ ജോലി കിട്ടിയേനെ. മതിയായ യോഗ്യത ഉണ്ടായതു കൊണ്ടാണ് ജോലിയ്‌ക്ക് അപേക്ഷിച്ചത്. വിവാദങ്ങൾ ഉണ്ടായതു കൊണ്ട് പിന്മാറിലെന്നും ഡോ സഹല പറഞ്ഞു.
ഒരു ആനുകൂല്യങ്ങളും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഷംസീറിന് മികച്ചൊരു പൊളിറ്റിക്കൽ കരിയറുണ്ട്. ഷംസീറിന്റെ ഭാര്യയായത് കൊണ്ട് താൻ വീട്ടമ്മയായി ഇരിക്കണമെന്നാണോ? ഇന്ന് ഉച്ചയ്‌ക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് അറിഞ്ഞാൽ താൻ അർഹയാണെങ്കിൽ അതിൽ പങ്കെടുക്കുമെന്നും അതിൽ നിന്ന് മാറി നിൽക്കില്ലെന്നും സഹല വ്യക്തമാക്കി.
2020 ജൂൺ മുപ്പതിനാണ് കണ്ണൂർ സർവകലാശാല എച്ച് ആർ ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്‌ടർ തസ്‌തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യു ജി സി വ്യവസ്ഥ അനുസരിച്ച് എച്ച് ആർ ഡി സെന്ററിലെ തസ്‌തികകൾ താത്ക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്‌ടറുടെ സ്ഥിരം തസ്‌തിക സൃഷ്‌ടിക്കാൻ സർവകലാശാലയ്‌ക്ക് സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.
ഡയറക്‌ടറുടെ തസ്‌തികയിൽ നിയമനം നടത്താതെയാണ് അസിസ്റ്റന്റ് ഡയറക്‌ടറുടെ നിയമനം മാത്രം തിരക്കിട്ട് നടത്തുന്നത്. ഇതിനായി ഇന്നലെ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നതിനുളള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയി അയച്ചിരുന്നു. കുസാറ്റിൽ ഒരു തസ്‌തികയിലേക്കുളള നിയമനത്തിന് ഉയർന്ന സ്കോർ പോയിന്റ് ഉളള പരമാവധി 10 പേരെ ഇന്റർവ്യൂവിന് ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുളളിൽ പെടുത്തുന്നതിനാണെന്നാണ് പ്രധാന ആരോപണം.