തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾ ഒരിക്കൽ കൂടി 10,000ന് മുകളിൽ എത്തിയതോടെ രോഗലക്ഷണങ്ങളില്ലാതെ രോഗം പടരുന്ന അവസ്ഥയായ നിശ്ബദ വ്യാപനം ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നു. ലോകത്ത് ഇപ്പോൾ കൊവിഡ് ബാധിക്കുന്ന 80 ശതമാനം പേരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരോ അല്ലെങ്കിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരോ ആണ്. ഇന്ത്യയിലിത് 75 ശതമാനമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കണക്ക്.
രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു മുതൽ പോസിറ്റീവ് ആകുകയാണ് കൊവിഡ് വ്യാപനത്തിന്റെ സാധാരണ രീതി. എന്നാലിപ്പോൾ ലക്ഷണങ്ങളില്ലാതെ രോഗം അതിവേഗം പടരുന്നുണ്ട്.
രോഗപ്രതിരോധ ശേഷിയുള്ളവരിൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകണമെന്നോ, പോസിറ്റീവ് ആകണമെന്നോയില്ല. വൈറസ് വാഹകനായ ആളിൽ നിന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത ഏറെയാണ്. ഇവരിൽ വൈറസ് ശരീരത്തിൽ നിലനിൽക്കുന്ന വൈറീമിയ എന്ന അവസ്ഥയുണ്ടാക്കും.
രോഗബാധിതർ പ്രതിദിനം 20,000 കടക്കും
സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാംവരവിൽ ഉണ്ടായതും രോഗലക്ഷണങ്ങളില്ലാത്ത ഈ രോഗവ്യാപനമാണെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം 20,000 വരെ ആയേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മാത്രമല്ല, രാജ്യത്താകെ കൊവിഡ് പകരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ പ്രാദേശിക ലോക്ക് ഡൗണുകൾ ഏർപ്പെടുത്തുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിരവധി മലയാളികൾ ഉണ്ട്. നിയന്ത്രണങ്ങൾ കർശനമാക്കുന്നതോടെ ഇവിടെ നിന്നടക്കം മലയാളികൾ മടങ്ങിവരാനുള്ള സാദ്ധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ രോഗവ്യാപനത്തിന്റെ തോത് ഉയരും. ഇത് സർക്കാരിനും ആരോഗ്യവകുപ്പിനും വലിയ പ്രതിസന്ധി ആയിരിക്കും സൃഷ്ടിക്കുക. ഇതിനുമുമ്പ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഉണ്ടായിരുന്നത് ഒക്ടോബർ10ന് ആയിരുന്നു - 11,755.
പരിഹാരം
രോഗം കണ്ടെത്തുന്നതിനുള്ള പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള പോംവഴി. ഇത് ചെലവേറിയതാണ്. അതിനാലാണ് പരിമിത എണ്ണത്തിലേക്ക് പരിശോധന ചുരുക്കിയത്. റാപ്പിഡ് ടെസ്റ്റിലൂടെ ഇതിനു പരിഹാരം കാണാം. നിരീക്ഷണത്തിലുള്ളവരുടെയെല്ലാം രക്തസാമ്പിളുകൾ ഇതിലൂടെ പരിശോധിക്കാമെന്നതും പ്രത്യേകതയാണ്.
ഐ.സി.യുകളും വെന്റിലേറ്ററുകളും നിറയും
രോഗികളുടെ എണ്ണം കൂടുന്നതോടെ സംസ്ഥാനത്തെ ആശുപത്രികളിലെ ഐ.സി.യുകളും വെന്റിലേറ്ററുകളും നിറയാനുള്ള സാദ്ധ്യതയും ആരോഗ്യവകുപ്പ് മുന്നിൽക്കാണുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 2,714 ഐ.സി.യുകളിൽ 1405 എണ്ണത്തിലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 458 പേർ കൊവിഡ് ബാധിതരും 947 പേർ ഇതരരോഗ ബാധിതരുമാണ്. 1423 വെന്റിലേറ്ററുകളിൽ 162ൽ കൊവിഡ് ബാധിതരെയും 215ൽ ഇതര രോഗങ്ങളുളളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1,046 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സ്വകാര്യ ആശുപത്രികളിലെ 6,213 ഐ.സി.യുകളിൽ 286 എണ്ണത്തിൽ മാത്രമേ കൊവിഡ് ബാധിതരുളളൂ.
ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളിൽ 59 കൊവിഡ് ബാധിതർ ചികിത്സയിലുണ്ട്. കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ ഐ.സി.യുകൾ ഉള്ളത്, 454. ഇതിൽ 26ൽ കൊവിഡ് ബാധിതരും 232 ൽ ഇതരരോഗങ്ങൾ ഉള്ളവരും ചികിത്സയിൽ കഴിയുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ 6,213 ഐ.സി.യുകളിൽ 286 എണ്ണത്തിൽ മാത്രമേ കൊവിഡ് ബാധിതരുള്ളൂ. ഈ മേഖലയിലെ 1,579 വെന്റിലേറ്ററുകളിൽ ചികിത്സയിലുള്ളത് 59 കൊവിഡ് രോഗികളാണ്. സ്വകാര്യ മേഖലയിൽ എറണാകുളത്താണ് ഐ.സി.യുകളും (1151) വെന്റിലേറ്ററുകളും (360) ഏറ്റവും കൂടുതലുള്ളത്. തൃശൂരിൽ 1017 ഐ.സി.യുകളും 192 വെന്റിലേറ്ററുകളും ഉണ്ടെങ്കിൽ കോഴിക്കോട് 538 ഐ.സി.യുകളും 251 വെന്റിലേറ്ററുകളുമാണുള്ളത്.
ജനിതക വകഭേദം വന്ന വൈറസിനെ പഠിക്കും
രണ്ടാം വരവിൽ സംസ്ഥാനത്ത് പടരുന്നത് ജനിതകവകഭേദം വന്ന കൊവിഡ് വൈറസ് ആണോയെന്ന കാര്യം പ്രത്യേകം പഠിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പല വിദേശരാജ്യങ്ങളിലും രണ്ടാംതരംഗത്തിന് കാരണമായത് വൈറസിനുണ്ടായ ജനിതകമാറ്റമാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് കേരളത്തിലും ഇത്തരത്തിലൊരു പരിശോധനയ്ക്ക് ആരോഗ്യവകുപ്പിനെ പ്രേരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിൽ നിന്നുമുള്ള സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. നിലവിൽ കേരളത്തിൽനിന്നുള്ള സാംപിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിാണ് പരിശോധിക്കുന്നത്. രോഗകാരണമായ സാഴ്സ് കൊറോണ വൈറസ് 2 ആർ.എൻ.എ വൈറസ് ആയതിനാൽ ജനിതകമാറ്റത്തിലൂടെ വകഭേദം വരാൻ സാദ്ധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ.