bhima

തിരുവനന്തപുരം: ഭീമ ജുവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ചിത്രത്തിൽ കാണുന്നയാൾ ഉത്തരേന്ത്യക്കാരനാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾ കൈയിൽ ടാ‌റ്റൂ പതിച്ചിട്ടുണ്ടെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

വീടിനെക്കുറിച്ച് കൃത്യമായ ധാരണയുള‌ള ആളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാൾ മികച്ച അഭ്യാസിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. വീടിനുമുന്നിലെ ഗ്രില്ലിലെ അഴികൾക്കിടയിലൂടെയാണ് ഇയാൾ ഉള‌ളിൽ കടന്നത്. മുൻപ് ഇവിടെ അന്യസംസ്ഥാനക്കാരുൾപ്പടെ ജോലി ചെയ്‌തിട്ടുണ്ട്. ഇവരെ കുറിച്ച് അന്വേഷണം നടത്തുകയാണ്.

ഏപ്രിൽ 14നാണ് തിരുവനന്തപുരം ഭീമ ജുവലറി ഉടമ ഡോ.ഗോവിന്ദന്റെ രാജ്‌ഭവന് സമീപത്തുള‌ള വീട്ടിൽ മോഷണം നടന്നത്. രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും 60,000 രൂപയുമാണ് നഷ്‌ടപ്പെട്ടത്.