തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂജ ചെയ്‌ത കൊടിക്കൂറ തന്ത്രിമാർ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് തിരുവമ്പാടി ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്‌ക്കൽ കുടുംബങ്ങൾ ഭൂമിപൂജ നടത്തി ദേശക്കാരെല്ലാം കൊടിയേറ്റുകയായിരുന്നു.
തിരുവമ്പാടിയിൽ കൊടിയേറ്റം നടന്നതിന് പിന്നാലെയാണ് പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറിയത്. കൊടിയേറ്റത്തിന് ശേഷമുളള എഴുന്നളളിപ്പ് തിരുവമ്പാടിയിൽ മൂന്നുമണിക്കാണ്. തിരുവമ്പാടി ചന്ദ്രശേഖരനായിരിക്കും തിടമ്പ് ഏറ്റുക. പാറമേക്കാവിൽ ഒരുമണിക്കാണ് പുറത്തേക്കുളള എഴുന്നളളിപ്പ് ആരംഭിച്ചത്. മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. കുട്ടൻമാരാരുടെ നാൽപ്പത്തിയഞ്ചാമത്തെ തൃശൂർ പൂരമാണിത്. പാറമേക്കാവ് പത്മനാഭനാണ് പാറമേക്കാവിന് വേണ്ടി തിടമ്പേറ്റിയത്.
പൂരത്തിന് ഇനി ആറ് ദിവസമാണ് ബാക്കിയുളളത്. കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർ ടി പി സി ആർ ടെസ്റ്റ് നടത്തണം. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പൂരപറമ്പിൽ എത്താം. സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുളള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി. നഗരത്തിലേക്കുളള എല്ലാ വഴികളിലും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലീസ് നിലയുറപ്പിക്കും. പത്ത് വയസിൽ താഴെയുളളവർക്കും ഗർഭിണികൾക്കും പൂരത്തിന് പ്രവേശനമില്ല. ഇത്തവണ പൂരം എക്‌സിബിഷന് പകുതി സ്റ്റാളുകൾ മാത്രമായിരിക്കും ഉണ്ടാവുക.