cabin-crew

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബിയാണെന്ന സൂചന കസ്റ്റംസിന് ലഭിച്ചു. സ്വര്‍ണവുമായി പിടിയിലായ വിമാന കമ്പനി ജീവനക്കാരന്‍ മന്‍ഹാസ് അബുലീസിനെ ചോദ്യം ചെയ്തപ്പോളാണ് കസ്റ്റംസിന് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴി മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യലിൽ മനസിലാക്കി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാത്രം ആറുതവണ സ്വര്‍ണം കടത്തി. ഇതിന് പുറമേ ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണക്കടത്ത് നടത്തിയതായിയാണ് വിവരം.

സ്‌പൈസ് ജെറ്റിലെ സീനിയര്‍ കാബിന്‍ ക്രൂവാണ് മന്‍ഹാസ് അബുലീസ്. കഴിഞ്ഞ ദിവസമാണ് ഇയാളെ 2.55 കിലോ സ്വര്‍ണമിശ്രിതവുമായി ഡി.ആര്‍.ഐ. പിടികൂടിയത്. റാസല്‍ഖൈമയില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. സ്വര്‍ണം മിശ്രിതമാക്കി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേകം അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ സഹകരണത്തോടെ മന്‍ഹാസിനെ പിടികൂടുകയായിരുന്നു. നിലവില്‍ കൊച്ചിയിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.

മന്‍ഹാസിന് പുറമേ മലപ്പുറം സ്വദേശി ജെയ്നാബിനെയും കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടികൂടിയിരുന്നു. ഇയാളുടെ പക്കല്‍നിന്നും 915 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്.