railways

ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ജനങ്ങൾ കൊവിഡ് പ്രതിരോധ മാർഗങ്ങൾ ശരിയായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ നടപടികളുമായി റെയിൽവെയും. ട്രെയിനിനുള‌ളിലോ, റെയിൽവെ സ്‌റ്റേഷനിലോ പ്രവേശിക്കുന്നവർ‌ക്ക് മാസ്‌ക് നിർബന്ധമാക്കി. മാസ്‌കില്ലാതെയോ നിന്നും ശരിയായി ധരിക്കാതെയോ വരുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും റെയിൽവെ അറിയിച്ചു.

ആറ് മാസത്തേക്കാണ് ഉത്തരവ്. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് നെഗ‌റ്റീവ് സർട്ടിഫിക്കേ‌റ്റ് ആവശ്യമില്ലെന്ന് ഈയിടെ റെയിൽവെ പുതിയ കൊവിഡ് മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാൽ കൊവിഡ് നിബന്ധനകൾ പാലിച്ച് വേണം യാത്രക്കാർ ട്രെയിനിൽ യാത്രചെയ്യാനെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശ‌ർമ്മ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോച്ചുകളിൽ തന്നെ ഭക്ഷണം പാചകം ചെയ്യുന്ന പതിവ് റെയിൽവെ നിർത്തിവച്ചിരുന്നു. പകരം റെഡി‌ ടു ഈ‌റ്റ് ഭക്ഷണം ഏർപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിനുള‌ള വസ്‌തുക്കളുടെ വിൽപനയും റെയിൽവെ ആരംഭിച്ചിരുന്നു.