വളരെ ചുരുങ്ങിയ ചെലവിൽ എങ്ങനെ ഒരു അടുക്കള കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങാമെന്ന് നോക്കാം. അടുക്കളയിലെ അഴുകുന്ന അവശിഷ്ടങ്ങൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി വേസ്റ്റ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.പ്ലാസ്റ്റിക്, ഉള്ളിത്തൊലി, നാരങ്ങാത്തോട് എന്നിവ ഒഴിവാക്കണം. രണ്ട് പ്ലാസ്റ്റിക് ബക്കറ്റ് എടുക്കുക. ഏകദേശം 20 ലിറ്റർ എങ്കിലും ഉൾക്കൊള്ളാൻ കഴിയുന്ന ബക്കറ്റുകൾ ആയിരിക്കണം. ഇതിന്റെ അടിയിൽ 4-6 ചെറിയ ദ്വാരങ്ങൾ ഇടുക. ബക്കറ്റിൽ ഇടുന്ന വേസ്റ്റിന്റെ വെള്ളം ഊർന്നു താഴെ വീഴാൻ ആണിത്. ഇവ രണ്ടും 15 മീ. ഉയരമുള്ള വെവ്വേറെ ഇരുമ്പ് സ്റ്റാൻഡിൽ വയ്ക്കുക. ഇഷ്ടിക ഉപയോഗിച്ച് വേണമെങ്കിലും ഇങ്ങനെ ചെയ്യാം. ഉറുമ്പ് പോലുള്ള ജീവികൾ പെട്ടെന്നു കയറാതെയിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ബക്കറ്റിന് താഴെ ഊറിവരുന്ന വെള്ളം ശേഖരിക്കാൻ ഒരു ചെറിയ പാത്രം വയ്ക്കാം. ഇനി അടുക്കള മാലിന്യം ദിവസവും ഇതിലെ ഒരു പാത്രത്തിൽ ഇട്ടുകൊടുക്കാം. ഒന്നാമത്തെ പാത്രം നിറയുന്നത് വരെ മാലിന്യ നിക്ഷേപം തുടരാം. ഒന്നു രണ്ടുമാസം കൊണ്ട് ഒരു പാത്രം നിറയും. അതിനുശേഷം രണ്ടാമത്തെ പാത്രത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങുക. രണ്ടുമാസത്തിനുശേഷം ആദ്യപാത്രത്തിലെ കമ്പോസ്റ്റ് ഉപയോഗത്തിന് പാകമായിരിക്കും. ഊർന്നിറങ്ങിയ വെള്ളം അതിന്റെ രണ്ടിരട്ടി വെള്ളം ചേർത്ത് വെർമിവാഷായി ഉപയോഗിക്കാം.