രാവിലെ ബ്രോക്കർ വേണു വന്നുപോയശേഷം ലീല വളരെ സന്തോഷവതിയാണ്. അവൾ സന്തോഷിക്കട്ടെ. ഞങ്ങളുടെ ജീവിതത്തിലെ ഏറ്രവും വലിയ ആഗ്രഹം സഫലമാകുന്ന ദിവസമാണല്ലോ ഇന്ന്. നാലുമാസം മുമ്പ് ഞാൻ ഡൽഹിയിൽ ജോലിയിൽ നിന്നും റിട്ടയർ ചെയ്തപ്പോൾ ലീലയും വോളന്ററി റിട്ടയർമെന്റ് വാങ്ങി ജോലിയിൽ നിന്നും പിരിയുകയായിരുന്നു. ഈ നഗരത്തിലെ ഒരു വാടക വീട്ടിൽ താമസമാക്കിയത് ഇവിടെ സ്ഥിരതാമസക്കാരനല്ല. തിരക്കില്ലാത്ത ഒരു നാട്ടിൻപുറത്ത് പുഴയോരത്തോ കായലോരത്തോ കുറച്ചുസ്ഥലവും ഒരു വീടും വാങ്ങണം എന്നാണ് ഞങ്ങളുടെ ഉദ്ദേശം. നല്ല വെള്ളം നല്ല മണ്ണ് നല്ല വായു, നല്ല അയൽക്കാർ എന്നിവയും ഞങ്ങളുടെ ആഗ്രഹങ്ങളിൽപ്പെടും. കഴിഞ്ഞ നാലു മാസത്തിനിടയ്ക്ക് കുറേ അധികം വീടും സ്ഥലവും കണ്ടു എങ്കിലും ഒന്നും ഞങ്ങൾക്ക് ഇഷ്ടമായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് രാവിലെ വേണു പുതിയ ആലോചനയുമായി വന്നത്. വന്നപാടേ അയാൾ പറഞ്ഞു.
''സാർ ആവശ്യപ്പെട്ട എല്ലാകാര്യങ്ങളും ഒത്തിണങ്ങിയ ഒരു സ്ഥലവും വീടും ഒത്തുവന്നിട്ടുണ്ട്. പുഴയോരത്ത് ഒരേക്കർ തെങ്ങിൻപുരയിടവും പുതിയ രണ്ടുനിലവീടും. ഒരിക്കലും വെള്ളം വറ്റാത്ത കിണർ. റോഡ് സൗകര്യവും ഉണ്ട്.""
''എവിടെ ഏത് പുഴയുടെ തീരത്താണ്?""
'' ഇവിടെ നിന്നും ഇരുപത്തിയഞ്ച് കി.മീ മാത്രം അകലെയുള്ള മുല്ലന്തിയാർ എന്ന കൊച്ചുപുഴയുടെ തീരത്താണ്.""
മുല്ലാന്തിയാർ എന്ന് കേട്ടപ്പോൾ എന്റെ മുഖത്ത് വന്ന ഭാവവ്യത്യാസം വേണു ശ്രദ്ധിച്ചില്ല.
'' മുല്ലാന്തിയാറോ?"" ലീല ചോദിച്ചു.
'' പന്ത്രണ്ടുമാസവും പുഴ നിറച്ച് വെള്ളമുള്ള നമ്മുടെ പ്രിയപ്പെട്ട നദിയുടെ ഒരു ചെറിയ കൈവഴിയാണ് മുല്ലാന്തിയാർ എന്ന ഈ കൊച്ചുപുഴ.""
വേണുവിന്റെ വിശദീകരണം കേട്ടപ്പോൾ ഞാൻ പറഞ്ഞു.
'' എനിക്കറിയാം ഈ പുഴ. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പുഴയരികിലെ ഒരു ചെറിയ വാടകവീട്ടിലാണ് ഞങ്ങൾ കുറച്ചുകാലം താമസിച്ചത്.""
''ആ നാടിനെപ്പറ്റിയും വിൽക്കാൻ പോകുന്ന വീടിനെപ്പറ്റിയും വേണു കുറേസമയം സംസാരിച്ചു. അയാൾ അവസാനം പറഞ്ഞത് ഇതാണ്.""
'' ഇന്ന് തന്നെ പോയി സ്ഥലം കാണുന്നതാണ് നല്ലത്.""
അയാൾ പറഞ്ഞത് ശരിയാണെന്ന് തോന്നിയതുകൊണ്ട് ഞാൻ പറഞ്ഞു.
''നമുക്ക് ഇന്ന് മൂന്നുമണിക്ക് പോകാം. എന്റെ കാർ വർക്ക് ഷോപ്പിലാണ് താനൊരു ടാക്സി കാറുമായി മൂന്നുമണിക്കുമുമ്പേ ഇവിടെ എത്തണം.""
രണ്ടേമുക്കാൽ മണിക്കേ എത്തിക്കൊള്ളാമെന്ന് സമ്മതിച്ചാണ് വേണു പോയത്.
ഞാനപ്പോൾ തന്നെ സിംഗപ്പൂരിലുള്ള മകനെ വിളിച്ചു സംസാരിച്ചു. അവൻ പറഞ്ഞത് അച്ഛനും അമ്മയ്ക്കും സ്ഥലവും വീടും ഇഷ്ടപ്പെട്ടാൽ വിലയെപ്പറ്റി പേശാൻ പോകണ്ട. ഇന്നുതന്നെ അഡ്വാൻസ് കൊടുത്ത് കച്ചവടം ഉറപ്പിക്കണം എന്നാണ്.
ലീല എന്റെ അടുത്തുവന്നിരുന്നു.
''പണ്ടത്തെ മുല്ലാന്തിയാറിന്റെ കാര്യമൊക്കെ ചേട്ടൻ മറന്നുകാണും.""
അവൾ പറഞ്ഞു.
'' അന്നത്തെ കാര്യങ്ങളൊന്നും ഒരിക്കലും ഞാൻ മറക്കില്ല. അച്ഛന് അങ്ങോട്ട് സ്ഥലംമാറ്റം കിട്ടിയപ്പോഴാണ് അച്ഛനോടും അമ്മയോടുമൊപ്പം ഞാനും അനുജത്തിയും അവിടെ ഒരു വാടകവീട്ടിൽ അഞ്ചുവർഷം താമസിച്ചത്. ആറാം ക്ലാസുമുതൽ പത്താംക്ലാസ് വരെ ആ വാടകവീട്ടിൽ താമസിച്ചാണ് ഞാൻ പഠിച്ചത്.""
''ചേട്ടൻ ആ പുഴയിൽ കുളിച്ചിട്ടുണ്ടോ?""
''ഞാൻ മാത്രമല്ല ആ നാട്ടുകാർ മുഴുവൻ ആ പുഴയിലായിരുന്നു അലക്കും കുളിയും.""
''അവിടെ താമസമാക്കിയിട്ടുവേണം എനിക്കാപുഴയിലൊന്ന് മുങ്ങിക്കുളിക്കാൻ.""
''നിനക്കതിന് നീന്തൽ അറിയില്ലല്ലോ. വേണമെങ്കിൽ ഞാൻ പഠിപ്പിച്ചുതരാം.""
''ഈ വയസുകാലത്താണോ നീന്താൻ പഠിക്കുന്നത്? ഞാൻ പുഴയുടെ അരികിൽ നിന്നു കുളിച്ചോളാം.""
''സൂക്ഷിക്കണം. പുഴയിൽ വലിയകാലൻ കൊഞ്ചും ഞണ്ടും ഉണ്ടാകും. എപ്പോഴാണ് കാലിൽ കയറി പിടിക്കുന്നതെന്നറിയില്ല.""
''മുല്ലാന്തിയാറിൽ ധാരാളം മീനുണ്ടെന്ന് പണ്ട് നാത്തൂൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ആ മീനെല്ലാം ഇപ്പോഴും അവിടെ കാണുമല്ലോ.""
'' അതിനെന്താ സംശയം? അവിടെ താമസമാക്കിയിട്ട് വേണം ഐസും അമോണിയയും ഇല്ലാത്ത നല്ല മീൻകറി വച്ചതുകൂട്ടി ചോറുണ്ണാൻ""
'' നമുക്കൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കണം. കുറേ വാഴയും വേണം നാലഞ്ചു കോഴി, എട്ടുപത്ത് താറാവ്.""
'' അതിനാണോ ധൃതി. ആദ്യം മേടിക്കേണ്ടത് ഒരു കൊച്ചുബോട്ടാണ്. നേരെ പടിഞ്ഞാറോട്ട് പറപ്പിച്ചുവിട്ടാൽ പത്തുമിനിട്ടുമതി വേമ്പനാട്ടുകായലിലെത്താൻ.""
'' ഒരു പശുവിനെകൂടെ മേടിച്ചാലോ ചേട്ടാ?""
ആനക്കാര്യത്തിനിടയിലാണ് അവളുടെ ചേനക്കാര്യം. ഞാൻ ബോട്ടിന്റെ കാര്യം പറഞ്ഞപ്പോൾ അത് കേൾക്കാത്ത ഭാവത്തിൽ അവൾ പശുവിന്റെ കാര്യം എടുത്തിട്ടത് എനിക്ക് ഇഷ്ടമായില്ല. ശബ്ദമുയർത്തി അല്പം ദേഷ്യത്തോടെ ഞാൻ പറഞ്ഞു.
'' മതി. മതി ഇങ്ങനെ സംസാരിച്ചുനിന്നാൽ സമയത്തിന് ഇവിടെനിന്ന് ഇറങ്ങില്ല. സമയം കളയാതെ പോയി ചോറും കറിയും ശരിയാക്കിയിട്ട് കുളിച്ച് തയ്യാറാകാൻ നോക്ക്.""
എന്നെ തുറിച്ചൊന്ന് നോക്കിയിട്ട് അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. എന്റെ ചിന്ത മുഴുവൻ മുല്ലാന്തിയാറിനെക്കുറിച്ച് മാത്രമായിരുന്നു. രണ്ടോ മൂന്നോ കിലോമീറ്റർ മാത്രം നീളമുള്ള ഈ പുഴയുടെ തീരത്താണ് അഞ്ചുവർഷം ഞങ്ങൾ ജീവിച്ചത്. നാല്പത്തിയഞ്ച് കൊല്ലം മുമ്പുള്ള കാര്യമാണെങ്കിലും എല്ലാം നല്ല വ്യക്തമായി ഓർമ്മയിലുണ്ട്. പുഴയുടെ രണ്ടുകരയിലും തെങ്ങാണ് പ്രധാന കൃഷി. അതിനിടയിലാണ് താമസക്കാരുടെ വീടുകൾ. പുഴയരുകിൽ ഉണ്ടായിരുന്ന ചെറിയ നടപ്പാതയിലൂടെയാണ് ഞങ്ങൾ സ്കൂളിൽ പോയിരുന്നത്. വൈകുന്നേരമായാൽ തലയിൽ കുട്ടയും വച്ച് ഒന്നിനുപുറകേ ഒന്നായി അങ്ങായിടിലേക്ക് പോകുന്ന സ്ത്രീകളുടെ തിരക്കാണ്. കുളിച്ച് ഉടുത്തൊരുങ്ങിപോകുന്ന അവരിൽ പകുതിയും കല്യാണം കഴിക്കാത്ത ചെറുപ്പക്കാരികളാണ്. പുഴയരികിലെ കുളക്കടവിൽ അലക്കാനും കുളിക്കാനും എത്തുന്നവരിൽ എല്ലാപ്രായത്തിൽപെട്ടവരും ഉണ്ടാകും. പുഴയോരത്ത് പലഭാഗത്തും ലക്ഷക്കണക്കിന് തേങ്ങ മലപോലെ കൂട്ടിയിട്ടിരിക്കുന്നത് അക്കാലത്തെ വേറൊരു കാഴ്ചയാണ്. ലേലം ചെയ്തു വിൽക്കാനായി നാട്ടിലെ കെട്ടുതെങ്ങ് സംഘങ്ങൾ ഇട്ടിരിക്കുന്ന തേങ്ങയാണ് അത്. പുഴയിലെപ്പോഴും വള്ളങ്ങളുടെ തിരക്കായിരിക്കും. മാലിപ്പുറത്തെ ചേച്ചിയുടെ കല്യാണത്തിന് കുമ്പങ്ങിയിൽ നിന്നും കോടിക്കാരുമായി വന്ന വലിയ ബോട്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുമ്പിലൂടെയാണ് കല്യാണവീട്ടിലേക്ക് പോയത്.
വേനൽക്കാലത്ത് പുഴയിൽ ഉപ്പു വെള്ളം കയറും. എന്നാലും നല്ല കണ്ണീരുപോലെ തെളിഞ്ഞവെള്ളമായിരിക്കും. പുഴയിൽ നിന്നും ധാരാളം മീൻ കിട്ടുന്ന സമയം കൂടിയാണത്, വേനൽക്കാലത്ത് മറക്കാനാവാത്ത കാഴ്ചകളിൽ ഒന്നാണ് പുഴയരികിൽ ചിലഭാഗത്ത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുമായി നിൽക്കുന്ന വലിയ രണ്ട് കരിമീനുകൾ. അതിൽ ഒരെണ്ണം എപ്പോഴും അവിടെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കുഞ്ഞുങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് അത്. അങ്ങനെ നിൽക്കുന്ന കരിമീനുകളെ അക്കാലത്ത് ആരും ഉപദ്രവിക്കാറില്ല.
കരിമീനിനെ പിടിക്കാൻ വലിയ വീശുവലയോ ഉറിവലയോ വേണം. കൊഞ്ചിനെ പിടിക്കാൻ ഒരു മുപ്പല്ലിമാത്രം മതി. പുഴയരികിലെ കൈതക്കാടുകളുടെ അടിയിൽ വെള്ളത്തിൽ മണ്ണിനോട് ചേർന്ന് അനങ്ങാതിരിക്കുന്ന കൊഞ്ചിനെ കണ്ടുപിടിക്കാനാണ് ബുദ്ധിമുട്ട്. കണ്ടുകഴിഞ്ഞാൽ മുപ്പല്ലി കൊണ്ട് കുത്തി എടുക്കുകയേ വേണ്ടു.
മഴക്കാലമായാൽ മുല്ലന്തിയാർ ആകെ മാറും. ശക്തിയായി ഒഴുകിവരുന്ന കലങ്ങിയ മലവെള്ളം കൊണ്ട് പുഴ നിറയും. തുടർച്ചയായി മഴ പെയ്താൽ വലിയ വെള്ളപ്പൊക്കവും ഉണ്ടാകും. ചിലപ്പോൾ പുഴയുടെ രണ്ട് കരയിലും നാലും അഞ്ചും അടിവരെ വെള്ളം ഉയരും. മഴമാറി വെള്ളം ഇറങ്ങിയാൽ പറമ്പിലെല്ലാം ഒരടികനത്തിൽ ചെളിയും എക്കലും കൊണ്ടുനിറയും. തെങ്ങിന് വേറെ വളത്തിന്റെ ആവശ്യമില്ല.
''എന്നെ അടുക്കളയിലേക്ക് ഓടിച്ചുവിട്ടിട്ട് ചേട്ടനിവിടെയിരുന്നു ഉറങ്ങുകയാണോ?""
ലീലയുടെ ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത് ഞാൻ പറഞ്ഞു.
''ആരു പറഞ്ഞു ഉറങ്ങുകയാണെന്ന്? ഞാൻ കുളിക്കാൻ പോവുകയാണ്.""
ഞാൻ എണീറ്റ് കുളിമുറിയിലേക്ക് നടന്നു.
പുതിയ വീടും സ്ഥലവും കാണാനായിൽ കൃത്യം മൂന്നുമണിക്കുതന്നെ ഞങ്ങൾ പുറപ്പെട്ടു. കാറിൽ കയറിയപ്പോൾ മുതൽ വേണുവിനോടോരോ സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു ലീല.
''വേണു വീടിന്റെ ദർശനം കിഴക്കോട്ടാണോ?""
''അല്ല വടക്കോട്ടാണ്. അവിടെയാണ് റോഡും പുഴയും.""
''മുകളിലത്തെ നിലയിൽ എത്ര ബെഡ് റൂം ഉണ്ട്?""
''മുകളിൽ രണ്ട്, താഴെയും രണ്ട് ""
അവളങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. അപ്പോൾ ഇടയ്ക്കുകയറി ഞാൻ പറഞ്ഞു:
''വേണു മുല്ലാന്തിയാർ എത്തുന്നതിനു കുറേ മുമ്പേ എന്നെ വിളിക്കണം. ഞാൻ അഞ്ചുമിനിട്ടുനേരം ഒന്നുമയങ്ങട്ടെ.""
കണ്ണടച്ചു കിടക്കുമ്പോഴും മുല്ലാന്തിയാറും പരിസരവും ഇപ്പോൾ എത്രമാറിക്കാണും എന്ന ചിന്തയായിരുന്നു എന്റെ മനസിൽ. വേണു വിളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. അപ്പോൾ അയാൾ പറഞ്ഞു.
'' അടുത്ത കവലയിൽ ചെല്ലുമ്പോൾ നമുക്ക് വലത്തോട്ട് തിരിയണം. അവിടെ നിന്നും മൂന്നുകിലോ മീ. ദൂരമേയുള്ളൂ മുല്ലാന്തിയാറിലേക്ക്.""
''പതുക്കെ പോയാൽ മതി. സ്ഥലമൊക്കെ ഒന്നുകാണട്ടെ.""
ഞാനും ലീലയും വളരെ ശ്രദ്ധയോടെ പുറത്തേക്ക് നോക്കികൊണ്ടിരുന്നു. ഒരു കി.മീ കഴിഞ്ഞപ്പോൾ വീണ്ടും വലത്തോട്ടുതിരിഞ്ഞു വേറൊരു റോഡിലൂടെയായി യാത്ര. ഒരു പള്ളിയും ഒരു കുരിശുപള്ളിയും ഒരു അമ്പലവും കഴിഞ്ഞപ്പോൾ വീണ്ടും ചെന്നെത്തിയത് ഒരു കവലയിലാണ്. രണ്ടുമൂന്നുകടകൾ മൂന്നുനാല് ഓട്ടോറിക്ഷകൾ, കടകൾക്കുമുമ്പിലായി അഞ്ചെട്ട് ആളുകളും ഇത്രയുമാണ് ഈ കവലയിലെ വിശേഷങ്ങൾ.
''ഇനി ഒരു മിനിട്ടിനകം നമ്മൾ മുല്ലാന്തിയാറിൽ എത്തും.""
വേണു പറഞ്ഞു. ഒരു ചെറിയ പാലം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് വണ്ടി ഓടാൻ തുടങ്ങിയപ്പോൾ ഇടത്തോട്ട് ചൂണ്ടി വേണു വീണ്ടും പറഞ്ഞു.
'' ഇതാണ് മുല്ലാന്തിയാർ.""
എനിക്ക് വിശ്വാസം വന്നില്ല.
ഞാൻ കണ്ടത് അല്പം വീതിയുള്ള ഒരു തോട് മാത്രമാണ്. പായലും പോളയും കൊണ്ട് അതിന്റെ മുക്കാൽഭാഗവും മൂടിക്കിടക്കുകയാണ്. ഞാൻ ഉറക്കെ പറഞ്ഞു.
'' വണ്ടി നിറുത്തൂ.""
വണ്ടിനിന്നപ്പോൾ കാറിൽ നിന്നും പുറത്തിറങ്ങി ഞാൻ പുഴയരികിലേക്ക് ചെല്ലാൻ ശ്രമിച്ചു. ലീലയും വേണുവും തൊട്ടുപുറകെ തന്നെയുണ്ട്. അപ്പോൾ വേണു പറഞ്ഞു.
'' ഇത് പഴയ മുല്ലാന്തിയാർ തന്നെയാണ് സാർ. ചിലഭാഗത്ത് വീതികുറഞ്ഞു പോയിട്ടുണ്ട് എന്നു മാത്രം. പിന്നെ പായലും പോളയും വന്ന് ചിലഭാഗത്ത് വെള്ളം മൂടിപ്പോയി. വെള്ളത്തിന് ഒഴുക്കില്ലാത്തതുകൊണ്ട് അതൊന്നും കായലിലേക്ക് ഒഴുകി പോകുന്നില്ല.""
പുഴയിലെ വെള്ളത്തിനടുത്തെത്താനുള്ള എന്റെ ശ്രമം വെറുതേ ആയി. പുഴയരികിലെല്ലാം കാടും മുൾച്ചെടികളും വളർന്ന് നിൽക്കുകയാണ്. എന്നെ അത്ഭുതപ്പെടുത്തിയത് വേറൊന്നാണ്. വലിയ നാലഞ്ചു തെങ്ങുകൾ പുഴയിലേക്ക് വീണുകിടക്കുന്നു. തെങ്ങിന്റെ തടി ഇവിടെ ആർക്കും വേണ്ടേ? എന്റെ മുഖഭാവം കണ്ടിട്ടാകാം വേണു പറഞ്ഞു.
''ഇപ്പോൾ ഈ നാട്ടിൽ ഒരു വള്ളം പോലുമില്ല. എല്ലായിടത്തും റോഡും എല്ലാവർക്കും വാഹനങ്ങളും ഉണ്ട്. പുഴയിലെ അലക്കും കുളിയും നിന്നുപോയി എന്നുതന്നെപറയാം.""
അപ്പോഴാണ് പുഴയിലെ വെള്ളത്തിന്റെ കാര്യം ശ്രദ്ധിച്ചത്. അഴുക്കുനിറഞ്ഞ കറുത്തനിറം. ഒഴുക്കില്ലാത്ത വെള്ളം. ഒരു കാറ്റടിച്ചപ്പോൾ എന്തോ ചീഞ്ഞുനാറിയമണം. മൂക്കിലേക്കടിച്ചു കയറി. സൂക്ഷിച്ചുനോക്കിയപ്പോൾ കുറച്ചകലെ പായലിനടുത്ത് വലിയമണിയൻ ഈച്ചകൾ പറക്കുന്നതുകണ്ടു. ഒന്നുകൂടി നോക്കിയപ്പോഴാണ് കാര്യം മനസിലായത്. തടിച്ചു വീണ വയറുമായി പുഴയിൽ ചത്തുകിടക്കുന്ന ഒരു പട്ടിക്കു ചുറ്റുമാണ് മണിയനീച്ചകൾ പറക്കുന്നത്.
ഒരു കാലത്ത് നിറയെ മീനുണ്ടായിരുന്ന പുഴയിൽ ഇപ്പോൾ ഒരു മീനുമില്ല. ഒരു കൊച്ചു പൂഞ്ഞാൻ പോലും. ഞാൻ കരയിലേക്ക് നോക്കി. ഒന്നുരണ്ടു തേങ്ങയുമായി നിൽക്കുന്ന കുറേ തെങ്ങുകൾ. താഴെ അടഞ്ഞു കിടക്കുന്ന രണ്ടുവീടുകൾ. ഇടയ്ക്ക് ചില മോട്ടോർസൈക്കിൾ മാത്രം റോഡിലൂടെ പോകുന്നുണ്ടായിരുന്നു. ഞാൻ ലീലയെ നോക്കി. യാത്രയുടെ തുടക്കത്തിൽ അവളുടെ മുഖത്തുണ്ടായിരുന്ന സന്തോഷവും ഉത്സാഹവും ഇപ്പോഴില്ല. ഞങ്ങളൊന്നും മിണ്ടാതെ നിൽക്കുന്നതു കണ്ടുവേണു ഉറക്കെ പറഞ്ഞു.
''ഈ നാടിനടുത്തുള്ള വലിയ ഫാക്ടറിയിലെ മലിന ജലം പുഴയിലുണ്ടായിരുന്ന മീനിനെ ആദ്യം കൊന്നു. ഇനി ഈ പുഴയെ കുടി നശിപ്പിക്കാൻ നാട്ടുകാർ സമ്മതിക്കില്ല. അവർ പൊതു യോഗം കൂടി ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെയും ഗവൺമെന്റിന്റെയും സഹായത്തോടെ അവർ ഈ പുഴയെ സുന്ദരിയായ പഴയ മുല്ലാന്തിയാറാക്കിമാറ്റും.""
വേണുവിന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ചിരിവന്നു. ലീലയ്ക്ക് ചിരിക്കാൻ പോലും കഴിഞ്ഞില്ല. അവൾ പുഴയിലേക്ക് കൈചൂണ്ടി എന്നോട് ചോദിച്ചു.
'' ഇതാണോ ചേട്ടന്റെ പ്രിയപ്പെട്ട മുല്ലാന്തിയാർ? നല്ല വെള്ളവും നല്ല മണ്ണും നല്ല വായുവുമുള്ള സ്ഥലത്തിനുവേണ്ടി തുടങ്ങിയ അന്വേഷണം എവിടെയാണ് നമ്മെ കൊണ്ടെത്തിയത്?""
'' ഞാനൊന്നും പറഞ്ഞില്ല.""
ലീല സംസാരം തുടർന്നു.
'' ഒരു കാര്യം ഉറപ്പാണ്. ഇവിടെ വീടുവാങ്ങി താമസിക്കാൻ ഞാനില്ല.""
എന്നിട്ടും ഞാൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൾ ഉറക്കെ വിളിച്ചുപറഞ്ഞു.
'' ചേട്ടന്റെ മുല്ലാന്തിയാർ മരിച്ചു.""
അപ്പോൾ വേണു എന്നെ നോക്കി. ഞാൻ പറഞ്ഞു.
'' ലീല പറയുന്നതിലും കാര്യമുണ്ട്.""
''ഇവിടെ വരെ വന്ന സ്ഥിതിക്ക് നമ്മൾ കാണാൻ ആഗ്രഹിച്ചുവന്ന സ്ഥലവും വീടും ഒന്നുകണ്ടിട്ടുപോകരുതോ?""
വേണു ചോദിച്ചു.
'' എനിക്ക് കാണണ്ട. ഞാൻ വരുന്നില്ല. ചേട്ടന് കാണണമെങ്കിൽ പോയി കണ്ടിട്ടുവന്നോളൂ. അതുവരെ ഞാനിവിടെ ഈ വഴിയരികിൽ നിന്നോളാം""
ലീല പറഞ്ഞു.
എത്രനേരമാണ് ഒന്നും മിണ്ടാതിരിക്കുക?
ഞാൻ പറഞ്ഞു.
'' വേണു ഇന്നിനി നമുക്കൊരു സ്ഥലവും കാണണ്ട. ഉടനെ മടങ്ങിപോകാം. ഡ്രൈവറോട് വണ്ടിതിരിച്ചോളാൻ പറയൂ.""
തിരിച്ചു നഗരത്തിലേക്ക് മടങ്ങുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല. ഏറ്റവും വേണ്ടപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾക്കുശേഷം മടങ്ങിപ്പോകുന്ന ഉറ്റവരെപോലെ അപ്പോൾ ഞങ്ങളും ദുഃഖിതരായിരുന്നു.