swapna-

ബാങ്കിംഗ് രംഗത്തെ കടുത്ത അസ്വസ്ഥതകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ്, താൻ മാനേജരായിരുന്ന ബാങ്കിൽത്തന്നെ ജീവനൊടുക്കേണ്ടി വന്ന അഭ്യസ്ഥവിദ്യയായ സ്വപ്ന എന്ന യുവതി. രണ്ടുവർഷം മുമ്പ്, കൊച്ചിയിലെ ബാങ്ക് കെട്ടിടത്തിൽ നിന്നും ബാങ്ക് മാനേജർ ചാടി മരിച്ചിരുന്നു. അടുത്തിടെയുണ്ടായ മറ്റൊരു അനിഷ്ട സംഭവം, ബാങ്കുകളുടെ ഔദ്യോഗിക യോഗത്തിനിടെ പെട്ടെന്ന് പുറത്ത് കടക്കുകയും, ട്രെയിനിന് മുന്നിൽ ചാടുകയും ചെയ്ത ബാങ്ക് ഓഫീസറുടെ ദാരുണാന്ത്യമാണ്. കേരളത്തിനു പുറത്തുള്ള ബാങ്ക് ജീവനക്കാർ ആത്മഹത്യയിൽ അഭയം തേടിയതിനെക്കുറിച്ചുള്ള വാർത്തകളും വന്നിരുന്നു. ചണ്ഡിഗറിലെ 35 വയസുകാരനായ അസിസ്റ്റന്റ് മാനേജർ, വിശാഖപട്ടണത്തെ 29 വയസുകാരിയായ അസിസ്റ്റന്റ് മാനേജർ, ബാംഗ്ലൂരിലെ 59 വയസുകാരനായ ചീഫ് മാനേജർ, എന്നിങ്ങനെ പോകുന്നു ആ ഹതഭാഗ്യരുടെ നിര. ധനകാര്യസ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരിൽ നല്ലൊരു ശതമാനം പേരും സംതൃപ്തരല്ലെന്നാണ് പല പഠനങ്ങളുടെയും കണ്ടെത്തൽ.

ഉയർന്നുപൊങ്ങുന്ന ഉത്‌പാദന സേവന മേഖലയ്ക്ക് താങ്ങാവുന്ന വിധം ധനചംക്രമണത്തെയും സജ്ജമാക്കേണ്ടതുണ്ട്. ഇതിൻ പ്രകാരം, ഇക്കഴിഞ്ഞ പത്ത് - പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ബാങ്കിംഗ് രംഗം പാത്രമായത് കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾക്കായിരുന്നു. കൂടുതൽ സ്വകാര്യ ബാങ്കുകളും വിദേശ ബാങ്കുകളും വന്നെത്തി. അവയോട് കിടപിടിക്കാനുള്ള ശക്തി സംഭരിക്കുന്നതിന് പൊതുമേഖലാ ബാങ്കുകളിൽ പലതും ലയിച്ചു ചേർന്നു. ഇന്നിപ്പോൾ 12 പൊതുമേഖലാ ബാങ്കുകളും, 22 സ്വകാര്യ ബാങ്കുകളും, 46 വിദേശ ബാങ്കുകളും, 56 ഗ്രാമീണ ബാങ്കുകളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേ പതിനായിരത്തോളമുള്ള ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളും രംഗത്തുണ്ട്; അവയിൽ 50 എണ്ണമെങ്കിലും കരുത്തുള്ളവയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം പെരുകിയപ്പോൾ അവർ തമ്മിലുള്ള മത്സരവും കടുത്തു; യുദ്ധത്തിനായി പല സന്നാഹങ്ങളും വിന്യസിക്കപ്പെട്ടു. ബാങ്കുകളുടെ പ്രവർത്തന ശൈലി കോർപ്പറേറ്റ് രീതികളിലേക്ക് ചേക്കേറി. പുത്തൻ സാങ്കേതിക വിദ്യകളെ പടക്കോപ്പുകളാക്കി. കോർ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് ,എ.ടി.എം, ഡിജിറ്റൽ തട്ടകങ്ങൾ ,മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ സങ്കേതങ്ങൾ ബാങ്കിംഗ് രംഗത്തെ ഉടച്ചുവാർത്തു. നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന വിദ്യകൾ ധനസ്ഥാപനങ്ങളുടെ വാതിൽപ്പടിയിൽ എത്തിനിൽക്കുന്നു. പരമ്പരാഗത ദൗത്യങ്ങളായ നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ എന്നിവയ്ക്കു പുറമേ ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, ഫാസ്റ്റ് ടാഗ്, ഇലക്ട്രൽ ബോണ്ടുകൾ തുടങ്ങിയുള്ള പുത്തൻ ഉൽപ്പന്നങ്ങളുടെ ഡീലർമാരായും ബാങ്കുകൾ പരിണമിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമേ സർക്കാർ സ്‌കീമുകളുടെ നടത്തിപ്പു ചുമതലയും വന്നു ചേർന്നു. ജൻധൻ യോജന, മുദ്ര യോജന, അടൽ പെൻഷൻ യോജന, ജീവൻ ജ്യോതി യോജന, പ്രധാനമന്ത്രി കൃഷി യോജന,സുകന്യ സമൃദ്ധി അക്കൗണ്ട്, തൊഴിലുറപ്പ് പദ്ധതി, ക്ഷേമപെൻഷനുകൾ തുടങ്ങിയുള്ള സ്‌കീമുകളുടെ നിർവഹണവുമായി ബാങ്കുകളെ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ബാങ്കുകളുടെ ദൗത്യങ്ങളിങ്ങനെ പടർന്നു പന്തലിച്ചുവെങ്കിലും അധികരിച്ചു വന്ന ജോലിഭാരം സാങ്കേതികവിദ്യകളുടെയും ആധുനിക മാനേജ്‌മെന്റ് രീതികളുടെയും സഹായത്താൽ നിർവഹിക്കാം എന്ന നിലപാടാണ് ബാങ്കിംഗ് രംഗത്തെ ഉന്നതർ കൈക്കൊണ്ടത് . പക്ഷേ ഈ മാർഗ്ഗങ്ങൾ കൊണ്ട് പരിഹരിക്കുന്നതിനപ്പുറം ജോലിഭാരം ഉയർന്നുപൊങ്ങിയെങ്കിലും കൂടുതൽ മനുഷ്യവിഭവം എത്തിക്കുന്നതിൽ അവർ വിമുഖത കാട്ടി. ഉദാഹരണമായി സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരുടെ എണ്ണം 2018 മാർച്ചിൽ 2.57ലക്ഷമായിരുന്നു; 2019 മാർച്ചിൽ അത് 2.49 ലക്ഷമായി കുറഞ്ഞു. വർഷംപ്രതി ബാങ്കുകളിലുണ്ടാകുന്ന വേക്കൻസി കളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്ന പ്രവണതയും നിലനിൽക്കുന്നു. ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഐ.ബി.പി.എസ് 2015ൽ 33488 ക്ലാർക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുവെങ്കിൽ വർഷംപ്രതി അത് താഴ്ന്നു വന്ന് 2019 ൽ 12075 എന്ന നിലയിൽ എത്തി. പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 2015 ൽ 16721 വേക്കൻസികൾ നോട്ടിഫൈ ചെയ്തപ്പോൾ 2019 ൽ 4336 ആയി ചുരുങ്ങി. റിട്ടയർ ചെയ്യുന്ന ജീവനക്കാർക്ക് സമാനമായ തോതിൽ പകരം ജീവനക്കാർ എത്തുന്നില്ല. ലാഭക്കൊതി പൂണ്ട അധികാരികൾക്ക് നിലവിലെ ജീവനക്കാരുടെ മേൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കേണ്ടിവരുന്നു . ഈ നിലപാട് കൂടുതൽ ലാഭം കൊയ്യാൻ ബാങ്കുകളെ സഹായിച്ചുവെന്നത് നേരു തന്നെ. സ്റ്റേറ്റ് ബാങ്കിന്റെ ലാഭം 2016ൽ 9950.65 കോടി രൂപയായിരുന്നത്, 2020 ൽ 14488.11 കോടി രൂപയായി ഉയർന്നു. ജീവനക്കാർക്ക്, പ്രത്യേകിച്ച് ഓഫീസർ തസ്തികയിലുള്ളവർക്ക്, ടാർജറ്റുകൾ നിശ്ചയിക്കുകയും, ജോലി സമയം ഉയർത്തുകയും, അവധി എടുക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ദൈനംദിന ചുമതലകൾക്കൊപ്പം ഉപഭോക്താക്കളുടെ പരാതികൾ അഭിസംബോധന ചെയ്യുക, വായ്പകളുടെ ഗുണനിലവാരം (തിരിച്ചടവ്) ഉറപ്പാക്കുക, ജീവനക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുക, എന്നിങ്ങനെയുള്ള ചുമതലകളും ഏറ്റെടുക്കേണ്ടി വന്നു. ഇതെല്ലാം കൂടി ഉദ്യോഗസ്ഥരെ മാനസികവും സാമൂഹികവുമായ പിരിമുറുക്കത്തിലേക്ക് നയിക്കുന്നു. ഭാരം താങ്ങാനാകാതെ ചില നീർമണികൾ വീണുടയുന്നു; മറ്റുള്ളവർ സമ്മർദ്ദങ്ങളും പേറിയാത്ര തുടരുന്നു.

ബാങ്കിംഗ് രംഗത്തെ ജോലികൾക്ക് മുൻപുണ്ടായിരുന്നതോതിയിലുള്ള ആകർഷണം ഇപ്പോൾ ഇല്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല. 2010 വരെ യൊക്കെ ബിടെക്കുകാരെപ്പോലുള്ളവർ കയറിപ്പറ്റാൻ വെമ്പൽ കാട്ടിയിരുന്ന മേഖലയായിരുന്നു ഇത്; എന്നാലിപ്പോൾ അവർ മറ്റു തുറകളിലേക്കാണ് കൂടുതൽ താത്‌പര്യം കാട്ടുന്നുവെന്നാണ് റിപ്പോർട്ട്. 2017 ൽ പ്രൊബേഷണറി ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 19.67 ലക്ഷമായിരുന്നു; 2018 ൽ 11.2 7 ലക്ഷമായി കുറഞ്ഞു. അതായത് ഉയർന്നു പൊങ്ങുന്ന ജോലിഭാരം പണിയെടുക്കുന്നവരുടെ ആത്മധൈര്യം കെടുത്തുവെന്ന് മാത്രമല്ല അത് പുതിയ പ്രതിഭകളിൽ കുറെപ്പേരെയെങ്കിലും ഈ രംഗത്ത് നിന്നും അകറ്റാനും കാരണമായി തീർന്നിരിക്കുന്നു. ചുരുക്കത്തിൽ ബാങ്കിംഗ് രംഗത്തെ അധിപർ കുറേക്കൂടി മാനുഷികമായ നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.