ന്യൂഡൽഹി : കൊവിഡിന്റെ രണ്ടാം തരംഗം മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് പാളിച്ച പറ്റിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസിന് മുകളിലുളള എല്ലാവർക്കും പ്രതിരോധ വാക്‌സിൻ നൽകണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ സംസാരിക്കവെ ആയിരുന്നു സോണിയ ഗാന്ധിയുടെ ആവശ്യം.
കൊവിഡ് രോഗമുണ്ടായി ഒരു വർഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കാനാകാത്തത് ദു:ഖകരമാണ്. വാക്‌സിൻ വിതരണത്തിലും പക്ഷപാതിത്വം കാണിക്കുകയാണ്. ഞങ്ങളും നിങ്ങളും എന്ന മനോഭാവം തിരുത്തണം. മഹാമാരിക്കെതിരായ യുദ്ധം, രാഷ്ട്രീയത്തിനപ്പുറം ദേശീയമായ വെല്ലുവിളിയായി കാണണമെന്നും സോണിയ ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ കൃത്യമായ നടപടികൾ കൈക്കൊളേണ്ടതുണ്ട്. വാക്‌സിനുകളുടെയും മരുന്നുകളുടെയും ദൗർലഭ്യം, ആശുപത്രിയിലെ കിടക്കകളുടെ കുറവ്, ഓക്‌സിജന്റെ ദൗർലഭ്യം തുടങ്ങിയവയെപ്പറ്റിയുളള റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നതാണ്. പല സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നാണ് സോണിയ ഗാന്ധിയുടെ ആക്ഷേപം.