ലക്‌നൗ: കൊവിഡ് ബാധിച്ച് ഭീതിയിൽ കഴിയുന്ന രോഗി സഹായം ചോദിച്ച് ഹെൽപ്പ് ലൈനിൽ വിളിച്ചപ്പോഴുണ്ടായ മറുപടി കേട്ട് ഞെട്ടി. സന്തോഷ് കുമാർ സിംഗ് എന്നയാളും കൊവിഡ് കമാൻഡ് സെന്ററിലെ പ്രതിനിധിയും തമ്മിൽ സംസാരിക്കുന്ന 54 സെക്കൻഡുകൾ നീളുന്ന സംഭാഷണം ഉത്തർപ്രദേശിൽ വലിയ ഒച്ചപ്പാട് സൃഷ്‌ടിച്ചിരിക്കുകയാണ്.
ഏപ്രിൽ പത്തിനാണ് സന്തോഷും ഭാര്യയും കൊവിഡ് പരിശോധന നടത്തുന്നത്. തുടർന്ന് അവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞു. ഏപ്രിൽ 12ന് ഇരുവരും പോസിറ്റീവ് ആണെന്ന ഫലം പുറത്ത് വന്നു. ഇതിനു ശേഷമാണ് സന്തോഷ് കൊവിഡ് ഹെൽപ്പ്‍ലൈനുമായി ബന്ധപ്പെടുന്നത്. ഏപ്രിൽ 15ന് രാവിലെ എട്ടേകാലോടെയാണ് ഹെൽപ്പ്‍ലൈനിൽ നിന്ന് സന്തോഷിനെ തിരികെ വിളിക്കുന്നത്.
വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുന്നവർക്കുളള ആപ്പ് ഡൗൺലോഡ് ചെയ്‌തോ എന്നായിരുന്നു പ്രതിനിധി ചോദിച്ചത്. അങ്ങനെ ഒരു ആപ്പിനെ കുറിച്ച് അറിയില്ലെന്ന് സന്തോഷ് മറുപടി നൽകിയതോടെ 'പോയി ചാകൂ' എന്നാണ് ഹെൽപ്പ്‍ലൈൻ പ്രതിനിധി പ്രതികരിച്ചത്.
സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ലക്‌നൗ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശിനും സന്തോഷ് കത്തെഴുതി. ബി ജെ പി ലക്‌നൗ മഹാനഗർ യൂണിറ്റിന്റെ മുൻ പ്രസിഡന്റായിരുന്നു സന്തോഷിന്റെ അച്ഛൻ മനോഹർ സിംഗ്.