ksrtc

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതോടെ ബസുകളിൽ യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയത് കെ.എസ്.ആർ.ടി.സിക്ക് കനത്ത തിരിച്ചടിയാകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് പുതിയ തീരുമാനത്തിലൂടെ ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതിനാൽ തന്നെ ഉത്തരവ് നടപ്പാക്കണമെന്ന നിർദ്ദേശങ്ങളൊന്നും തന്നെ നൽകേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ അപ്രഖ്യാപിത തീരുമാനം.

കഴിഞ്ഞ വർഷം കൊവിഡിന്റെ ആരംഭത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മൂന്ന് മാസത്തോളം കെ.എസ്.ആർ.ടി.സിക്ക് സർവീസ് നടത്താനായിരുന്നില്ല. അപ്പോഴുണ്ടായ നഷ്ടം വളരെ വലുതായിരുന്നു. പിന്നീട് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ നിന്ന് നേരിയ തോതിൽ കരകയറാൻ തുടങ്ങിയിരുന്നു. എന്നാലിപ്പോൾ യാത്രക്കാരെ നിറുത്തിക്കൊണ്ടു പോകരുതെന്ന ഉത്തരവാണ് കെ.എസ്.ആർ.ടി.സിയെ വലയ്ക്കുന്നത്.

നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്ത് പ്രതിമാസം കെ.എസ്.ആർ.ടി.സിക്ക് 40 മുതൽ 60 ലക്ഷം വരെയായിരുന്നു വരുമാനം ലഭിച്ചിരുന്നത്.കഴിഞ്ഞമാസം വരുമാനം 120 കോടിയിൽ എത്തുകയും ചെയ്തു. ഈ മാസം 13 വരെയുള്ള കണക്ക് അനുസരിച്ച് കെ.എസ്.ആർ.ടി.സിക്ക് 50 കോടി വരുമാനം ലഭിച്ചു കഴിഞ്ഞു. നിയന്ത്രണങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ വരുമാനം 150 കോടിയ്ക്ക് മുകളിൽ പോകുമായിരുന്നു. 300 കിലോമീറ്റർ സർവീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സിക്ക് 8000 രൂപയുടെ ഡീസലാണ് വേണ്ടത്. എന്നാൽ, വരുമാനത്തിൽ ശരാശരി വർദ്ധന 12,000 രൂപ മാത്രമാണ്. മാത്രമല്ല, കൂടുതൽ സർവീസുകൾ നടത്താനാകാത്ത സ്ഥിതിയുമാണുള്ളതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.

 ഇന്ധനവില തിരിച്ചടി

6635 ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. എന്നാൽ ഇതിൽ 4000 എണ്ണം മാത്രമെ സർവീസ് നടത്തുന്നുള്ളൂ. പ്രതിമാസം ഡീസലിന് മാത്രമായി 90 കോടി ചെലവിടുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം നൽകാനായി 65 കോടിയും ചെലവിടേണ്ടി വരുന്നുണ്ട്. ഇന്ധനവില അനുദിനം റോക്കറ്റ് പോലെ കുതിക്കുന്നതിനാൽ തന്നെ മുഴുവൻ ബസുകളും ഓപ്പറേറ്റ് ചെയ്യാനാകാത്ത സ്ഥിതിയാണ് കോർപ്പറേഷനുള്ളത്. സർവീസ് നടത്താത്ത ബസുകളിലെ ബാറ്ററിയും ‌ടയറുകളും ഊരിമാറ്റി സൂക്ഷിക്കാൻ അടുത്തിടെ കെ.എസ്.ആർ.ടി.സി നിർദ്ദേശിച്ചിരുന്നു.

 ജീവനക്കാർക്ക് വാക്സിനേഷനില്ല
ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ട്രാൻസ്പോർട്ട് ബസുകളിലെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും കൊവിഡ് വാക്സിൻ നൽകിയില്ലെന്നതും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മുന്നണിപ്പോരാളികളിൽ മുമ്പിലുള്ള ആരോഗ്യ പ്രവർത്തകർ, പൊലീസ്, മുനിസിപ്പാലിറ്റി, റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവർക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുകയും രണ്ട് ഡോസ് വാക്സിൻ നൽകിയപ്പോഴുമാണിത്. ബസുകളിൽ യാത്രക്കാരുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണ് 20,​000 ഓളം വരുന്നകണ്ടക്ടർമാരും ഡ്രൈവർമാരും. ബസുകളിൽ മിക്കവാറും തിരക്കാണ്. യാത്രക്കാരിൽ ആർക്കെങ്കിലും കൊവിഡ് ഉണ്ടെങ്കിൽ മറ്റുള്ളവർക്കും കണ്ടക്ടർക്കും അത് പകരാം. ഇനി ലക്ഷണങ്ങളില്ലാതെ കണ്ടക്ടർക്കോ ‌ഡ്രൈവർക്കോ രോഗം വന്നിട്ടുണ്ടെങ്കിൽ അത് യാത്രക്കാരിലേക്കും പകരാം. ഇങ്ങനെയാക്കെ രോഗം പകരാനുള്ള സാദ്ധ്യത ഇത്രയേറെ ഉണ്ടായിട്ടും മറ്റുള്ളവർക്കൊപ്പം ഇവർക്കും പരിഗണന നൽകുന്ന കാര്യം ആരോഗ്യ, ഗതാഗത വകുപ്പുകൾ മന:പൂർവം മറക്കുകയാണ്. സ്വകാര്യബസുകളിൽ 31,000 ജീവനക്കാരുണ്ട്. പൊതുജനങ്ങളിൽ 45 വയസിനു മുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകുന്നത് ആരംഭിച്ചപ്പോഴാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ തങ്ങൾക്ക് മുൻഗണന നൽകണമെന്ന ആവശ്യം ചില ‌ഡിപ്പോകളിൽ ഉയർത്തിയത്. അതനുസരിച്ച് ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് അതാത് ജില്ലാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് നിർദ്ദേശം നൽകി. ചില ഡിപ്പോകളിൽ നാമമാത്രമായി വാക്സിനേഷൻ നടന്നപ്പോഴേക്കും വാക്സിൻ ക്ഷാമം കാരണം മുടങ്ങി.