തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടർന്ന് മന്ത്രി സ്ഥാനം രാജിവച്ച കെ.ടി. ജലീലിനെ പരിഹസിച്ച് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ ധാർമിക പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ രാജിവച്ചവന്റെ ന്യായീകരണ തളളുകൾ കാണുമ്പോൾ ഓർമ്മവരുന്നത്. ഗത്യന്തരമില്ലാതെ നൽകിയ രാജിക്കത്തിന് ധാർമികതയുടെ പരിവേഷം ചാർത്താൻ ഇച്ചിരി തൊലിക്കട്ടിയൊന്നും പോരെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പി.കെ. അബ്ദുറബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ "ധാർമിക" പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറിൽ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകൾ കാണുമ്പോൾ ഓർമ്മവരുന്നത്. ഉളുപ്പില്ലായ്മ ഉറപ്പാക്കുന്നവർക്ക് എന്തും ചേരും എന്നത് ആപ്ത വാക്യം. ജനാധിപത്യത്തെ രാജാഭരണമായി തെറ്റിദ്ധരിച്ച കൊച്ചാപ്പമാർ ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന അത്ഭുത കാഴ്ചകളായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായി നാം കണ്ടു കൊണ്ടിരുന്നത്...
മന്ത്രിക്കസേരയിൽ ഇരിക്കാൻ അയോഗ്യനാണെന്ന് ലോകായുക്ത സംശയതീതമായി വിധിച്ചിട്ടും അധികാരത്തിൽ അട്ടയെ പോലെ അള്ളിപ്പിടിച്ചിരിക്കാൻ അവസാനം ഹൈക്കോടതിയെ സമീപിച്ചെങ്കിലും "ഇയാൾ ഇപ്പോഴും മന്ത്രിയായി ഇരിക്കുന്നോ" എന്ന ബഹുമാനപ്പെട്ട കോടതിയുടെ പരാമർശം കേട്ട ഉടൻ കണ്ടം വഴിയോടി ഇനി രക്ഷയില്ലെന്ന ഉറപ്പിൽ തട്ടു ദോശ പോലെ ചുട്ടെടുത്ത രാജിക്കത്തിന് ധാർമികതയുടെ പരിവേശം ചാർത്താൻ ഇച്ചിരി തൊലിക്കട്ടിയൊന്നും പോരാ...
സിംഹാസനത്തിലേറിയ നാൾ തൊട്ട് മാർക്കുദാനം, മലയാളം സർവ്വകലാശാലാ ഭൂമി ഇടപാട്, ഈന്തപ്പഴം തൊട്ട് വിശുദ്ധ ഖുർആൻ വരെ, നട്ടപ്പാതിരായിലെ സ്വപ്‌നാടനം മുതൽ തലയിൽ മുണ്ടിട്ട് പ്രശ്‌ചന്ന വേഷത്തിൽ കുറ്റന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാവൽ.. എന്തെല്ലാം കസർത്തായിരുന്നു അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ!!!
എല്ലാത്തിനും മേലൊപ്പ് ചാർത്തി സംരക്ഷണം നൽകാൻ സയാമീസ് ചങ്കനും.. സയാമീസ് ചങ്കെന്നത് അലങ്കാരമല്ല, മറിച്ച് അതൊരു ജന്മ വൈകൃതമാണെന്ന് തിരിച്ചറിയുന്നിടത്ത് തീരാവുന്നതേയുള്ളു കേരളത്തിന്റെ പ്രശ്നങ്ങൾ...