ഒട്ടും മയമില്ലാത്തതും കഠിനവുമായ സീതാദേവിയുടെ വാക്കുകൾ കേട്ടപ്പോൾ രാവണന്റെ കോപം ഇരട്ടിച്ചു. പുരികങ്ങൾ നിശ്ചലമായി. കണ്ണുകളിൽ നിന്ന് ക്രോധാഗ്നി വമിച്ചു. ഉഗ്രമായ സ്വരത്തിൽ രാവണൻ ഇപ്രകാരം ആത്മപ്രശംസ വർഷിച്ചു. അല്ലയോ സീതേ നീ എന്നെ ഒട്ടും മനസിലാക്കിയില്ല. വിശ്രവസിന്റെ പുത്രനും വൈശ്രവണന്റെ സഹോദരനുമായ ഞാൻ രാക്ഷസരാജാവാണ്, പക്ഷികൾ, സർപ്പങ്ങൾ, ദേവന്മാർ, ഗന്ധർവന്മാർ, പിശാചുക്കൾ തുടങ്ങി എല്ലാ ജീവികളും എന്നെ ഭയക്കുന്നു. കാലനെയെന്ന പോലെ.
വിശ്രവസിന് രണ്ട് പത്നിമാരിൽ ജനിച്ചവരാണ് ഞാനും വൈശ്രവണനും. പിതാവ് ഒന്നുതന്നെ. രണ്ട് അമ്മമാരിൽ ജനിച്ചുവെന്നു മാത്രം. വിത്തേശനായ വൈശ്രവണൻ ഒരിക്കൽ എന്നോട് യുദ്ധത്തിന് വന്നു. ഞാൻ അവനെ അടിയറവ് പറയിപ്പിച്ചു. ഐശ്വര്യപൂർണമായ സ്വന്തം നഗരം പോലും ഉപേക്ഷിച്ച് പ്രാണരക്ഷയ്ക്കായി അവൻ കൈലാസപർവതത്തിൽ അഭയംതേടിപ്പോയിരിക്കുന്നു. മനോവിചാരത്തിനനുസരിച്ച് ഗമിക്കുന്ന പുഷ്പകവിമാനം എന്റെ അധീനതയിലാണ്. അതിൽ ഞാൻ എല്ലാലോകത്തും സഞ്ചരിക്കുന്നു. കോപം കൊണ്ട് തുടുത്താൽ എന്റെ മുഖത്തേക്ക് ആർക്കും നോക്കാനുള്ള ധൈര്യമില്ല. ഇന്ദ്രാദികൾ പോലും ഭയപ്പാടോടെ ഓടിയൊളിക്കും. ഞാനിരിക്കുന്ന സ്ഥലത്തേക്ക് വായുമന്ദഗതിയിലേ വരൂ. സൂര്യൻ മൃദുല കിരണനായി എന്നെ തൊടുന്നു. അങ്ങനെയല്ലെങ്കിൽ ഞാനൊന്നു കടുപ്പിച്ചു നോക്കിയാൽ സൂര്യൻ അരുണകിരണനാകും. ഞാൻ സഞ്ചരിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ വൻവൃക്ഷങ്ങളുടെ ഇലകൾ പോലും അനങ്ങില്ല. കൂലംകുത്തിയൊഴുകുന്ന നദിപോലും നിശ്ചലമാകും.
എന്റെ സ്വന്തം രാജ്യമായ ലങ്ക സമുദ്രമദ്ധ്യത്തിലാണ്. അമരാവതിക്ക് തുല്യമാണ് ആ രാജ്യം. വൈഡൂര്യരത്നലംകൃതമായ സ്വർണമതിലുകളാൽ ലങ്ക വിളങ്ങുന്നു. ചതുരംഗപ്പട നിറഞ്ഞതും സദാ പെരുമ്പറ മുഴങ്ങുന്നതുമായ ലങ്കയിൽ എല്ലാ ഋതുക്കളിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന എത്രയോ ആരാമങ്ങൾ. നമുക്കവിടെ സുഖമായി വാഴാം. ക്രമേണ നീ അയോദ്ധ്യയേയും മനുഷ്യരേയും മറന്നുപോകും.
ദശരഥ മഹാരാജാവിന് ഒരുപക്ഷേ നന്നായിട്ടറിയാമായിരിക്കാം മൂത്തപുത്രനായ രാമൻ ത്രാണിയില്ലാത്തവനാണെന്ന്. അതല്ലേ ഭരതന് രാജ്യം നൽകിയിട്ട് രാമനെ കാട്ടിലേക്കയച്ചത്. രാജ്യവും മനഃസുഖവുമെല്ലാം നഷ്ടപ്പെട്ട് കാട്ടിൽ കഴിയാൻ പാവം രാമൻ നിർബന്ധിതനായിരിക്കുന്നു. മൂന്നുലോകത്തിലും സുന്ദരിയായ നിനക്ക് രാമനെ കൊണ്ട് എന്തുസുഖമാണ് കിട്ടുക? സകലലോകങ്ങളിലെയും രാക്ഷസന്മാരുടെ രാജാവാണ് ഞാൻ. കാമപീഡിതനായി നിന്നെത്തേടിയെത്തിയവനാണ് ഞാൻ. എന്റെ ഇംഗിതം നിരസിക്കരുത്. എന്നെ തിരസ്കരിച്ചാൽ പണ്ട് പുരൂരവസിനെ പാദതാഡനം ചെയ്ത ഉർവശിയെപ്പോലെ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും. എന്നോട് പൊരുതാനുള്ള കെൽപ്പ് രാമനില്ല. എന്റെ പെരുവിരലിനു തുല്യമാകില്ല അവൻ. നീ പുണ്യവതിയായതുകൊണ്ടാണ് ഞാൻ നിന്റെ അരികിലെത്തിയത്. ദുഃഖലേശമില്ലാതെ നമുക്ക് സുഖമായി ഇവിടെ വിഹരിക്കാം.
രാവണന്റെ ആത്മപ്രശംസയും മര്യാദയും അതിരുകടന്നപ്പോൾ സീതയുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു. ആ കണ്ണുകളിൽ നിന്ന് തീനാളങ്ങൾ വമിച്ചു. കൊടുംകാട്ടിൽ ഏകയായി രാക്ഷസരാജാവിന്റെ മുന്നിൽ നിൽക്കുന്ന സീതാദേവി കഠിനമായ വാക്കുകൾ ഉച്ചരിച്ചു: മൂന്നുലോകങ്ങളുടെയും അധിപനായി ഭവിക്കുന്ന രാവണാ... സകലജീവികളും വിനയത്തോടെ വണങ്ങുന്ന വൈശ്രവണന്റെ സഹോദരനായിട്ടും നീ എന്തേ ഇങ്ങനെയായി? നീ ദുഷ്ടബുദ്ധിമാത്രമല്ല, ഇന്ദ്രിയങ്ങളുടെ അടിമയുമാണ്. അങ്ങനെയുള്ള ഒരുവൻ രാജാവായാൽ ആവംശത്തിന്റെ കഥ കഴിഞ്ഞു. ഇന്ദ്രപത്നിയായ ശചീദേവിയെ അപഹരിച്ചാൽ പോലും നിനക്ക് ജീവിച്ചിരിക്കാൻ സാധിച്ചേക്കും. എന്നാൽ സൂര്യവംശത്തിൽ പിറന്ന ശ്രീരാമന്റെ ധർമ്മപത്നിയെ അപഹരിച്ചാൽ നിന്റെ ജീവിതം അവസാനിച്ചു എന്നുതന്നെയാണർത്ഥം. സാക്ഷാൽ അമൃത് കുടിച്ചാൽ പോലും രാമപത്നിയെ സ്പർശിച്ചാൽ കാലപുരിയിലേക്കുതന്നെയാണ് യാത്ര.
(ഫോൺ: 9946108220)