vivek

തമി​ഴ് സി​നി​മയി​ലെ പൊട്ടി​ച്ചി​രി​യുടെ പേരായി​രുന്നു വി​വേക്. എത്രയോ സി​നി​മകളി​ലൂടെ ഭാഷാ ഭേദമി​ല്ലാതെ പ്രേക്ഷകരെ ചി​രി​പ്പി​ച്ച ആ മഹാനടന്റെ വിയോഗം വി​വേകി​നെ അറി​യുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അനേകലക്ഷം പ്രേക്ഷകർക്ക് അവി​ശ്വസനീയവും സങ്കടകരവുമാണ് .

മനസിന് നല്ല ഉറപ്പുണ്ടാകണം എന്ന അർത്ഥം വരുന്ന മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായ വിവേക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദൃഡ നിശ്ചയത്തോടെ സ്വന്തം വാക്കിലും പ്രവൃത്തിയിലും ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു വിവേകിന്റേത്.രജനി​കാന്തി​നെയും കമലഹാസനെയും ഉൾപ്പെടെ തമി​ഴ് സി​നി​മയ്ക്ക് ഒട്ടേറെ താരങ്ങളെയുംചി​രസ്മരണീയമായ സി​നി​മകളെയും സമ്മാനി​ച്ച മഹാസംവി​ധായകൻ കെ. ബാലചന്ദറി​ന്റെ കണ്ടെത്തലായിരുന്നു വിവേകും. മധുരയിലെ അമേരിക്കൻ കോളേജിൽനിന്ന് കൊമേഴ്സിൽ ബിരുദമെടുത്ത വിവേക് ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യുമർ ക്ളബിന്റെ സ്ഥാപകൻ പി.ആർ ഗോവിന്ദരാജനാണ് കെ. ബാലചന്ദറിന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നീട് തിരക്കഥാരചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി. 1987 ലാണ് ബാലചന്ദർ സംവിധാനം ചെയ്ത മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കുള്ള വിവേകിന്റെ വരവ്. പിന്നീട് പുതുപുതു അർത്ഥങ്ങൾ, ഒരു വീട് ഇരുവാസൽ തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിലടക്കം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.അന്ന് വരെ തമിഴ് സിനിമ കണ്ട കൊമേഡിയൻമാരെ പോലെയായിരുന്നില്ല വിവേക്.

ഹാസ്യത്തിൽ നൂതന ശൈലി

കൗണ്ടമണിയുടെയും ശെന്തിലിന്റെയും പിന്നാലെ വടിവേലുവും പി​ന്തുടർന്ന സി​നി​മകളി​ൽ നി​ന്ന് വേറി​ട്ടുനി​ൽക്കുന്ന കോമഡി​ ട്രാക്കി​നുപകരം സി​നി​മയുടെ മൂലകഥയോട് ചേർന്നു നി​ൽക്കുന്ന കോമഡി​ രംഗങ്ങൾ സൃഷ്ടി​ക്കാനും അവതരി​പ്പി​ക്കാനുമാണ് വി​വേക് ശ്രമി​ച്ചി​രുന്നത്.ഹാസ്യ കഥാപാത്രങ്ങളിലൂടെ വിവേക് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു ഇരി​പ്പി​ടം സ്വന്തമാക്കി​യത് വളരെ വേഗത്തി​ലായി​രുന്നു. ഏത് വേഷവും തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് മികവുറ്റതാക്കാൻ വിവേകിന് കഴിഞ്ഞിരുന്നു.തമിഴ് സിനിമ പരിചയിച്ച രീതികളിൽനിന്ന് വ്യത്യസ്തമായിരുന്നു ആ തമാശകളും. കടുത്ത ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. സമൂഹത്തിൽ നിലനിൽക്കുന്ന പല മോശം പ്രവണതകളെയും വിമർശിച്ച ഹാസ്യരംഗങ്ങൾ തമിഴ് നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു. സംവിധായകരുടെ നിർബന്ധത്തിന് വഴങ്ങി നിലവാരം കുറഞ്ഞ ഹാസ്യ വേഷങ്ങൾ ചില സിനിമകളിൽ അവതരിപ്പിച്ചതിലുള്ള സങ്കടം പലപ്പോഴും അദ്ദേഹം തുറന്നുപറഞ്ഞി​ട്ടുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ വിവേകപൂർണ്ണമായിരുന്നു വിവേകിന്റെ ഹാസ്യവും.

പത്മശ്രീയടക്കം ബഹുമതികൾ ഏറെ

മികച്ച ഹാസ്യനടനുള്ള തമിഴ് നാട് സർക്കാരിന്റെ പുരസ്കാരം അഞ്ചു തവണ ലഭിച്ചു. 2009ൽ പത്മശ്രീ നൽകി രാജ്യം ആദരിക്കുകയും ചെയ്തു. വർഷങ്ങളോളം സൂപ്പർ സ്റ്റാർ സിനിമകളുടെ അവിഭാജ്യഘടകായിരുന്നു വിവേക്. രജനികാന്ത്, വിജയ്, അജിത്. വിക്രം,ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിച്ച അദ്ദേഹം അൻപതിലേറെ സിനിമകൾ ചെയ്ത വർഷമുണ്ട്.തമിഴിൽ മമ്മൂട്ടിയോടൊപ്പം മറുമലർച്ചിയിലും മോഹൻലാലിനൊപ്പം പോപ് കോണിലും അഭിനയിച്ചു. ഖുഷി​, റൺ, ധൂൾ, ബോയ്,സാമി, ആദി, പേരഴകൻ, എം കുമരൻ സൺ ഒാഫ് മഹാലക്ഷമി, വാലി, വേലയില്ലാ പട്ടതാരി, എന്നെ അറിന്താൽ തുടങ്ങി ഇരുന്നൂറിലധികം സിനിമകളിലാണ് വേഷമിട്ടത്. വിക്രം നായകനായി എത്തിയ അന്ന്യനി​ൽ അമ്പിയുടെ ഉറ്റസുഹൃത്തായ അറിവഴകനായി വിവേക് ഏവരുടെയും മനം കവർന്നു. പൊലീസ് ഉദ്യോഗസ്ഥനായും അമ്പിയുടെ സുഹൃത്തായും എത്തിയ വിവേകിന്റെ അഭിനയപ്രകടനം ഏവരുടെയും കൈയടി ഏറ്റുവാങ്ങി. പ്രകാശ് രാജിനൊപ്പവും വിക്രത്തിനൊപ്പവും താരം മത്സരിച്ചാണ് അഭിനയിച്ചത്. രജനികാന്തിനെ നായകനാക്കി ഷങ്കർ ഒരുക്കിയ ശിവാജിയിൽ സ്റ്രെൽ മന്നനൊപ്പം മുഴുനീള വേഷത്തിലാണ് എത്തിയത്. ആ സിനിമയിലെ വിവേകിന്റെ പഞ്ച് ഡയലോഗുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. വിവേകിന്റെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരുന്നു ബോയ്സി​ലെ മംഗലം. ചിത്രത്തിലെ നിർണായക കഥാപാത്രം. ധനുഷും വിവേകും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഉത്തമപുത്തി​രൻ, ഇമോഷനൽ ഏകാംബരൻ എന്ന കഥാപാത്രമായി എത്തിയ വിവേക് സിനിമയിൽ ചിരിയുടെ മാലപ്പടക്കം തന്നെ തീർത്തു.

തമിഴിൽ തോമസുകുട്ടിയായും

ഇൻ ഹരിഹർ നഗറിന്റെ തമിഴ് റീമേക്കിൽ അശോകൻ അവതിപ്പിച്ച തോമസുകുട്ടിയെ പുനരവതിരിപ്പിച്ചത് വിവേകായിരുന്നു. നുണക്കഥ എന്ന മലയാള സിനിമയിലും അഭിനയിച്ചു.മലയാളത്തിന്റെ സൂപ്പർ കൊമേഡിയൻ ജഗതിശ്രീകുമാറിനൊപ്പമാണ് വിവേക് ചിത്രത്തിൽ അഭിനയിച്ചത്.സിനിമ മോഹങ്ങളുമായി നടക്കുന്ന എസ്. എെയുടെ വേഷമാണ് നുണക്കഥയിൽ വിവേക് അവതരിപ്പിച്ചത്.ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എ.പി ജെ അബ്ദുൾ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു.അകാലത്തിൽ വിട പറഞ്ഞ ബോളിവുഡ് താരം ശ്രീദേവി ഉറങ്ങാൻ പോവും മുൻപ് വിവേകിന്റെ സിനിമയിലെ കോമഡി സീനുകൾ ആസ്വദിക്കുമായിരുന്നുവെന്ന് ഭർത്താവ് ബോണികപൂർ പറഞ്ഞിട്ടുണ്ട്. തുത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19നാണ് വിവേക് ജനിച്ചത്.ഷങ്കറിന്റെ

കമൽ ചിത്രം ഇന്ത്യൻ 2ൽ അഭിനയിച്ചെങ്കിലും ചിത്രം പൂർത്തിയായിട്ടില്ല. പ്ളാസ്റ്റിക് രഹിത തമിഴ് നാടിന്റെ അംബാസിഡറാണ് വിവേക്.