ചെന്നൈ: ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്‌ത്തി, തമിഴ് സിനിമയിലെ ഹാസ്യകുലപതിയായ അതുല്യനടൻ വിവേക് വിടവാങ്ങി. 59 വയസായിരുന്നു. മാരകമായ ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വടപളനിയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിവേക് ഇന്നലെ പുലർച്ചെ 4.35നാണ് മരണത്തിന് കീഴടങ്ങിയത്. പ്രഗദ്ഭനായ ടെലിവിഷൻ അവതാരകനും പിന്നണിഗായകനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. 2009ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ചെന്നൈ സാലിഗ്രാമിലെ വസതിയിൽ എത്തിച്ച ഭൗതിക ദേഹം ഇന്നലെ വൈകിട്ട് മേട്ടുക്കുപ്പത്തെ വൈദ്യുതി ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വസതിയിലും ശ്‌മശാനത്തിലും ആയിരങ്ങൾ ഹൃദയഭാരത്തോടെ പ്രിയ താരത്തിന് വിടനൽകി. ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്കാരത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകുകയായിരുന്നു.
ഭാര്യ: അരുൾസെൽവി. മകൻ പ്രസന്ന കുമാർ വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞു. അമൃതനന്ദിനി, തേജസ്വിനി എന്നിവർ പുത്രിമാരാണ്.
വെള്ളിയാഴ്‌ച ഹൃദയഘാതത്തിൽ ബോധം മറഞ്ഞ് മരണാസന്നനായി എത്തിച്ച വിവേകിനെ ഡോക്ടർമാർ 45 മിനുട്ടോളം അശ്രാന്തപരിശ്രമം നടത്തിയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പൂർണമായി അടഞ്ഞ ഹൃദയ ധമനി തുറക്കാൻ അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്‌തു. താളം തെറ്റിയ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകി, രക്തം ശരീരത്തിന് പുറത്തു വച്ച് ശുദ്ധീകരിക്കുന്ന എക്മോ ( എക്‌സ്ട്രാ കോർപ്പറിയൽ മെംബ്രെയ്ൻ ഓക്സിജനേഷൻ ) യന്ത്രത്തിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തിൽ രക്തപ്രവാഹം നിലച്ച ശരീരകലകളിലേക്ക് ഡോക്ടർമാർ നടത്തിയ പുനരുജ്ജീവന പ്രക്രിയയിലൂടെ രക്തപ്രവാഹം പുനഃസ്ഥാപിച്ചപ്പോൾ സംഭവിച്ച ആഘാതത്തെ ( റിപ്പർഫ്യൂഷൻ ഇൻജ്വറി ) അതിജീവിക്കാൻ വിവേകിന് കഴിഞ്ഞില്ലെന്ന് സിംസ് വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസ്വാമി അറിയിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആരോഗ്യ നില വഷളായി. രക്തസമ്മർദ്ദം താണു. 4.35ന് അന്ത്യം സംഭവിച്ചു.
വ്യാഴാഴ്ച വിവേക് ഒരു സർക്കാർ ആശുപത്രിയിൽ പോയി കൊവാക്സിൻ കുത്തിവയ്പ് എടുത്തിരുന്നു.
വിവേകിന്റെ വിയോഗത്തിൽ ലോകമെമ്പാടും നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.