കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഗ്രാമത്തിൽ നിന്ന് ഉത്തരമലബാറിലെ സ്കൂളിലേക്ക് നാരായണൻകുട്ടിക്ക് സ്ഥലം മാറ്റമായപ്പോൾ സഹപ്രവർത്തകർക്കും കുട്ടികൾക്കും വലിയ വിഷമമായിരുന്നു. യാത്ര അയപ്പ് ചടങ്ങിൽ പലരും അതു പ്രകടിപ്പിക്കുകയും ചെയ്തു.
ഒരു ദിക്ക് മാത്രം അറിഞ്ഞാൽ പോരാ. നാലുദിക്കെങ്കിലും അറിയണ്ടേ? മറുപടിപറഞ്ഞപ്പോൾ നാരായണൻ കുട്ടി സൂചിപ്പിച്ചു. മറ്റ് അദ്ധ്യാപകരിൽ നിന്ന് നിരവധി പ്രത്യേകതകളുള്ള മാന്യൻ. ആരുടെയും ജാതിയോ രാഷ്ട്രീയമോ സമ്പത്തോ അന്വേഷിക്കാറില്ല. പലരും അതിനുവേണ്ടി ചെലവഴിക്കുന്ന സമയവും ഊർജ്ജവും എന്തുമാത്രം.
ഇവിടത്തെ പല അനാചാരങ്ങളും സങ്കുചിതത്വവും അവിടെയുണ്ടായെന്ന് വരില്ല. കുറേ നല്ല മനസുകൾ കാണാമല്ലോ. നാട്ടിലെ സുഹൃത്തുക്കളോടും നാരായണൻകുട്ടി സന്തോഷത്തോടെ പറഞ്ഞു. കുഗ്രാമവും മെട്രോപൊളിറ്റൻ നഗരവും മനസ് ചമയ്ക്കുന്നതല്ലേ. ന്യൂയോർക്കിനേക്കാൾ മികച്ചതാണ് പാടവും കയറ്റിറക്കങ്ങളും കടന്ന് ഏറെ നടന്നെത്തുന്ന തന്റെ ജന്മനാടെന്ന് ചിന്തിച്ചാൽ എത്ര സുഖമായിരിക്കും. അതേ സമയം ഒരു സൗകര്യങ്ങളുമില്ല, നാട്ടുകാരും മോശം. ഇവിടം വിട്ട് ഏത് നരകത്തിലേക്കെങ്കിലും പോയാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവരും കുറവല്ല.
മൂന്നുനാലുമാസം കഴിഞ്ഞാണ് ഓണ അവധിക്ക് നാരായണൻകുട്ടി വന്നത്. സ്വസ്ഥമായി കിട്ടിയപ്പോൾ സുഹൃത്തുക്കൾ പുതിയ സ്ഥലത്തെയും ആൾക്കാരെയും കുറിച്ച് ചോദിച്ചു. ഏത് നാടാണ് പ്രകൃതി സൗന്ദര്യത്തിൽ പിന്നിൽ. മലകളും പുഴകളും പൂക്കളും ഏതു നാടിനെയും സുന്ദരിയാക്കാൻ ഉണ്ടാവുമല്ലോ. പക്ഷേ മനുഷ്യപ്രകൃതി അങ്ങനെയല്ല, അത് ഏതു ദിക്കിലും അങ്ങനെയായിരിക്കും. പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ തെക്കൻ കേരളം വടക്കൻ കേരളം എന്നൊക്കെ തരം തിരിക്കുന്നതിൽ വലിയ അർത്ഥമില്ല. നാരായണൻ കുട്ടി താമസിക്കുന്ന വാടകവീടിന്റെ ഉടമ പുരോഗമനവാദിയാണ്. ജാതിക്കോളമുള്ള സർട്ടിഫിക്കറ്റുകൾ കത്തിച്ചാൽതന്നെ ജാതി ചിന്താചാരമാകുമെന്ന വിശ്വാസക്കാരനാണ്. നാരായണൻകുട്ടി ഏതു വിഭാഗക്കാരനാണെന്നറിയാൻ പല അടവുകൾ പയറ്റിനോക്കി. താൻ വാടകയ്ക്ക് കൊടുത്തിരിക്കുന്ന മറ്റ് മൂന്നു വീടുകളിൽ ഒന്ന് ഒരു നമ്പൂതിരിയും മറ്റൊന്നിൽ ഒരു മൂശാരിയും മൂന്നാമത്തേതിൽ മാരാരുമാണ് താമസിക്കുന്നത്. മാഷുടെ ജാതി ഗത്യന്തരമില്ലാതെ അയാൾക്ക് ചോദിക്കേണ്ടിവന്നു. ജാതിയ്ക്കനുസരിച്ച് വാടകത്തുകയിൽ ഇളവുണ്ടോ എന്ന് നാരായണൻകുട്ടി മറുചോദ്യം ചോദിച്ചപ്പോഴേക്കും അയാൾ നിന്നനില്പിൽ അപ്രത്യക്ഷനായി. ജാതിയും മതവും രാഷ്ട്രീയവുമൊക്കെ ഒരു വ്യക്തിക്കാകാം. പക്ഷേ അത് ജാതിഭേദമാകുമ്പോൾ മതഭേദമാകുമ്പോൾ രാഷ്ട്രീയഭേദമാകുമ്പോൾ ഒരു വ്യക്തിയും അയാളുടെ മനസും തരംതാണുപോകുന്നു. ഈ ഭേദങ്ങളെല്ലാം ചാണകം പോലെയാണ്. മനസിലിട്ട് ഉണക്കി കത്തിച്ചാൽ വെണ്മയുള്ള ഭസ്മമായി മാറും. നാരായണൻകുട്ടിയുടെ വാക്കുകൾ കേട്ട സുഹൃത്തുക്കൾ പൊട്ടിച്ചിരിച്ചു.
(ഫോൺ: 9946108220)