yerna-solberg

സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ച നോർവേ പ്രധാനമന്ത്രി യെർനാ സോൾബർഗിന് ഒന്നേമുക്കാൽ ലക്ഷം രൂപ (2352 ഡോളർ) പിഴശിക്ഷ.

സ്വകാര്യ ചടങ്ങുകളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നാണ് ചട്ടം. എന്നാൽ റിസോർട്ടിൽ നടത്തിയ ജന്മദിനാഘോഷത്തിൽ 13 പേരുണ്ടായിരുന്നതിനാണ് 20,000 ക്രോണർ പൊലീസ് പിഴയിട്ടത്.

ഫെബ്രുവരി 25ന് സോൾബർഗിന്റെ ഷഷ്ടിപൂർത്തി പ്രമാണിച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാൻ സോൾബർഗിന് കഴിഞ്ഞതുമില്ല. മാർച്ചിലാണ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നത്. പിന്നാലെ പൊലീസ് സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയെ ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയും കുറ്റപ്പെടുത്തിയിരുന്നു. രണ്ടുവട്ടം മാപ്പു പറഞ്ഞ സോൾബർഗ് പിഴശിക്ഷയ്‌ക്കെതിരെ അപ്പീലിനു പോകുന്നില്ലെന്നും വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങളിലൂടെ രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ യെർനയ്ക്ക് കഴിഞ്ഞിരുന്നു. യൂറോപ്പിൽ ഏറ്റവും കുറവ് രോഗികളും മരണങ്ങളും റിപ്പോർട്ടു ചെയ്ത രാജ്യങ്ങളിലൊന്നാണ് നോർവേ.


ചൊവ്വയിലെ ഹെലികോപ്ടർ പറക്കൽ മാറ്റി

ചൊവ്വാ ഗ്രഹത്തിലെ ഹെലികോപ്ടർ പറക്കൽ പരീക്ഷണം മാറ്റി. ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യൂയിറ്റി ഹെലികോപ്ടർ കഴിഞ്ഞയാഴ്ച പറത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ഹെലികോപ്ടറിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400 തവണ കറങ്ങുന്നുണ്ടോയെന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനെ തുടർന്നാണു പറക്കൽ നീട്ടിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം 14 നോ അതു കഴിഞ്ഞോ പരീക്ഷിക്കുമെന്ന് നാസ അറിയിച്ചു.


റെംഡിസിവിർ കയറ്റുമതി നിരോധിച്ചു

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്നിന്റെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം കണക്കിലെടുത്ത് ആവശ്യമായ സ്റ്റോക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. റെംഡിസിവിർ ഇഞ്ചക്ഷൻ, റെംഡിസിവിർ ചേരുവകൾക്കാണ് കയറ്റുമതി നിരോധനം.

രാജ്യത്ത് ഏഴു കമ്പനികൾ വഴി പ്രതിമാസം 38.8 ലക്ഷം യൂണിറ്റ് റെംഡിസിവിർ മരുന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ ഈ കമ്പനികൾ മരുന്ന് സ്റ്റോക്ക് ചെയ്യുന്നവരുടെയും വിതരണക്കാരുടെയും വിവരം തങ്ങളുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണം. കരിഞ്ചന്തയും പൂഴ്‌ത്തി വയ്പും തടയാൻ ഡ്രഗ് ഇൻസ്‌പെക്ടർമാരും മറ്റ് ഓഫീസർമാരും സ്റ്റോക്ക് പരിശോധിച്ച് ഉറപ്പാക്കണം.

ബഹിരാകാശത്തേക്ക് ആദ്യ അറബ് വനിത

ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അറബ് വനിതയായി നോറ അൽ മത്രൂഷി. യു.എ.ഇയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായുള്ള യാത്രയ്ക്ക് 4,000 അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.

യു.എ.ഇ നാഷനൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ വൈസ് പ്രസിഡന്റാണ് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ നോറ. അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സിൽ അംഗവുമാണ്. നാല് ബഹിരാകാശ സഞ്ചാരികൾക്കാണു യു.എ.ഇ പരിശീലനം നൽകുന്നത്.


ഒഡിഷയിൽ പിറന്നത് അപൂർവ ഇരട്ടകൾ

ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ യുവതി അപൂർവ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. ഉടൽ കൂടിച്ചേർന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമാണുള്ളത്.

പൂർണ വളർച്ചയിലെത്തിയ തലകൾ കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേർന്ന നിലയിലാണ്. രണ്ട് വായിലൂടെയാണ് കുട്ടികൾ ഭക്ഷണം സ്വീകരിക്കുന്നത്. ശ്വസിക്കുന്നതിന് രണ്ട് മൂക്ക് ഉപയോഗിക്കുന്നെങ്കിലും നെഞ്ചും ആമാശയവും ഒട്ടിച്ചേർന്ന നിലയിലാണ്.

രാജ് നഗറിലെ കനി ഗ്രാമത്തിൽ നിന്നുള്ള ഉമാകാന്ത് പരീദ അംബിക ദമ്പതികളുടേതാണ് കുട്ടികൾ. കേന്ദ്രപരയിലെ ആശുപത്രിയിൽ ഞായറാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികളെ വിദഗ്ദ്ധ ചികിത്സക്കായി സർദാർ വല്ലഭായ് പട്ടേൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്സിലേക്ക് മാറ്റി.

അപൂർവമായ ശരീരികാവസ്ഥയിൽ ജനിച്ച കുട്ടികളായതിനാൽ ആരോഗ്യനിലയിൽ ചില പ്രശ്നങ്ങളുണ്ടെന്നും കുട്ടികളെ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിന് ശേഷം തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.