ഹവാന: ക്യൂബയുടെ മുൻ പ്രസിഡന്റും ഫിഡൽ കാസ്ട്രോയുടെ സഹോദരനുമായ റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. ക്യൂബൻ പ്രസിഡന്റ് മിഗ്യൂൽ ഡിയസ്ക്വനൽ റൗളിന്റ പിൻഗാമിയാകും. വെള്ളിയാഴ്ച ആരംഭിച്ച പാർട്ടി കോൺഗ്രസിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
1959 മുതൽ 2006 വരെ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറലായിരുന്ന ഫിഡൽ കാസ്ട്രോയിൽ നിന്ന് പദവി ഏറ്റെടുത്ത റൗൾ 2018ൽ ക്യൂബയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞിരുന്നു.
റൗൾ കാസ്ട്രോ പാർട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ക്യൂബൻ വിപ്ലവത്തിന് ശേഷം ഫിഡൽ കാസ്ട്രോ തുടക്കമിട്ട കാസ്ട്രോ യുഗത്തിന് അവസാനമാകും.
അധികാര കൈമാറ്റം നടന്നെങ്കിലും രാജ്യത്തിന്റ നയങ്ങളിൽ മാറ്റമുണ്ടാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്യൂബയെ പുരോഗതിയുടെ പാതയിലെത്തിക്കുക എന്ന കനത്ത വെല്ലുവിളിയാണ് കനേലിനെ കാത്തിരിക്കുന്നത്.
ഫിഡൽ കാസ്ട്രോ യുഗം
20ാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും മഹാന്മാരായ രാഷ്ട്രീയ നേതാക്കളിലൊരാളാണ് ഫിഡൽ കാസ്ട്രോ. ക്യൂബ സ്വതന്ത്രം നേടിയ 1959ലെ വിപ്ലവം മുതൽ കാസ്ട്രോ എന്ന പേരുകൂടി രാജ്യത്തിന്റെ ഭാഗമാണ്. ക്യൂബയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ മുന്നിൽനിന്ന ഫിഡൽ കാസ്ട്രോ തന്നെയായിരുന്നു രാജ്യത്തിന് പിതാവും ഭരണകർത്താവും. 2016ൽ മരണം വരെ ക്യൂബയ്ക്ക് വേണ്ടി അക്ഷീണം നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. അഞ്ചു പതിറ്റാണ്ടോളം ക്യൂബയിൽ എതിരില്ലാതെ ഭരണം നിയന്ത്രിച്ചു. ക്യൂബയെ വരുതിയിലാക്കാൻ അമേരിക്ക നേരിട്ട് നടത്തിയ ശ്രമങ്ങളെ ശക്തമായി ചെറുത്തു തോൽപ്പിച്ചു. അമേരിക്കൻ വിരുദ്ധ നിലപാടിലൂടെ അവരുടെ കണ്ണിലെ കരടായി മാറിയെങ്കിലും ലോകജനതയ്ത്ത് മുന്നിലെ വീര പുരുഷനായി ഫിഡൽ ഇന്നും നിലകൊള്ളുന്നു.അതുകഴിഞ്ഞ് ഇളയ സഹോദരൻ റൗൾ കാസ്ട്രോ ഭരണ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം കൂടി പടിയിറങ്ങുന്നതോടെ ക്യൂബ പ്രവേശിക്കുന്നത് പുതിയ യുഗത്തിലേക്ക്.