anadharaj

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വനിതാ പാരാമെഡിക്കൽ ടെക്‌നിഷ്യനെ അറ്റൻഡർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാർ പന്ന്യാർ കോളനിയിൽ ചിറ്റേഴത്ത് വീട്ടിൽ അനന്തരാജിനെ(36) പൊലീസ് അറസ്റ്റുചെയ്തു. ഇരുവരും ആശുപത്രിയിലെ താത്കാലിക ജീവനക്കാരാണ്.

വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം. പൊലീസ് പറയുന്നത്- ഇ.സി.ജി മുറിയിലെത്തിയ അനന്തരാജ് തന്റെ ഇ.സി.ജി എടുക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. ഡോക്ടറുടെ നിർദ്ദേശം ഇല്ലാത്തതിനാൽ ആദ്യം വിസമ്മതിച്ചെങ്കിലും അനന്തരാജ് സമ്മർദ്ദം ചെലുത്തിയതോടെ യുവതി ഇ.സി.ജി എടുത്തുനൽകി. ഇതിനുശേഷം പുറത്തേക്കുപോയ ഇയാൾ തിരികെ എത്തി മുറിയിൽ ഇരുന്നു. ഇൗ സമയം യുവതി അവിടെ ഇല്ലായിരുന്നു. യുവതി എത്തിയപ്പോൾ വാതിലിന്റെ കുറ്റിയിട്ട ശേഷം കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവച്ചതോടെ മറ്റുള്ളവർ ഒാടിക്കൂടി ഇയാളെ തടഞ്ഞുവച്ചു. ഡ്യൂട്ടി ഡോക്ടർ അറിയിച്ചതനുസരിച്ച് പൊലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.