kumbh-

ന്യുഡല്‍ഹി: കുംഭമേളയില്‍ പങ്കെടുത്ത് തിരികെ എത്തുന്നവര്‍ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം നാട്ടില്‍ എത്തിക്കുകയാണെന്ന് മുംബയ് മേയര്‍ കിഷോരി പെഡ്നേക്കര്‍. 63,729 പുതിയ കൊവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മേയറുടെ പ്രതികരണം.

കുംഭമേളയില്‍ പങ്കെടുത്ത് തിരികെ മുംബയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നതിന്റെ ചെലവ് അവര്‍ വഹിക്കുകയും വേണം. കാരണം, കുംഭമേളയില്‍ പങ്കെടുത്ത് തിരികെയെത്തുന്ന തീര്‍ത്ഥാടകര്‍ വൈറസിനെ പ്രസാദം പോലെ കൂടെ കൊണ്ടുവരികയാണ്. മുംബയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പതിനായിരത്തിലധികം പേരാണ് ഗംഗാതീരത്ത് ഒത്തുകൂടിയത്. മേളയില്‍ പങ്കെടുത്ത 1700റോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 80ല്‍ അധികം സന്യാസിമാർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേള ചടങ്ങുകള്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.