kk

റോം: ഇറ്റാലിയൻ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട്​ ടുണീഷ്യയിലെ എസ്​ഫാക്​സിൽനിന്ന്​ അഭയാർഥികളുമായി പോയ ബോട്ട്​ മുങ്ങി 41 പേർ മരിച്ചു. ടുണീഷ്യൻ തീരത്തിനു സമീപമാണ് ബോട്ട്​ തകർന്നത്. ഒരു കുട്ടിയുൾപെടെ 41 പേരുടെ മൃതദേഹങ്ങൾ ക​ണ്ടെത്തിയതായി ടുണീഷ്യൻ സേന അറിയിച്ചു. കൂടുതൽ പേർക്കായി സേന തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന്​ പുറപ്പെട്ട ബോട്ട്​ മുങ്ങി 39 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം 60ലേറെ പേരാണ്​ സമാന ദുരന്തത്തിനിരയായത്​. ആയിരക്കണക്കിന്​ അഭയാർഥികളാണ് ആഫ്രിക്കയിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നും യൂറോപ്പ് ലക്ഷ്യമിട്ട്​ നീങ്ങുന്നത്. മനുഷ്യക്കടത്തു സംഘങ്ങൾ പഴകിയ മത്സ്യബന്ധന ബോട്ടുകളിൽ അഭയാർഥികളെ കുത്തിനിറച്ച്​ കടലിൽ ഇറക്കിവിടുന്നതാണ് പതിവ്. കഴിഞ്ഞ വർഷം ടുണീഷ്യയിൽനിന്ന്​ ഇങ്ങനെ കടൽ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതായി യു.എൻ അഭയാർഥി ഏജൻസി പറയുന്നു. 2014നു ശേഷം മാത്രം ആഫ്രിക്കയിൽനിന്ന്​ യൂറോപിലേക്ക്​ കടക്കുന്നതിനിടെ 20,000 ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്​. ഇൗ വർഷം മാത്രം മെഡിറ്ററേനിയനിൽ 406 പേർ മരിച്ചതായാണ് കണക്ക്.