ഏകദേശം ഏഴ് പതിറ്റാണ്ട് മുൻപുളള ഒരു ചിത്രമാണിത്. 1950കളിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു മകൾ ഇന്ദിരാ ഗാന്ധിക്കൊപ്പം തിരുവനന്തപുരം സന്ദർശിച്ച സമയത്തുളളത്. തിരുവിതാംകൂർ രാജകൊട്ടാരത്തിൽ പ്രധാനമന്ത്രിക്കും മകൾക്കും നൽകിയ ചായ സൽക്കാരത്തിന്റെ സമയത്ത് അന്നത്തെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പകർത്തിയത്. അന്നത്തെ തിരു കൊച്ചി രാജപ്രമുഖനും തിരുവിതാംകൂറിന്റെ അവസാന രാജാവുമായ ചിത്തിര തിരുനാൾ ബാലരാമ വർമ്മയും അദ്ദേഹത്തിന്റെ അമ്മയായ അമ്മമഹാറാണി മൂലംതിരുനാൾ സേതു പാർവ്വതി ബായിയുമാണ് നെഹ്രുവിനൊപ്പം ഉളളത്.
എന്നാൽ ഈ ചിത്രത്തിൽ നെഹ്രുവിനൊപ്പം കാണുന്ന കൊച്ചുകുട്ടിയും ലോകപ്രശസ്‌തനാണ്. ഇന്ദിരാഗാന്ധിയ്‌ക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തിയ ഇന്ദിരയുടെ മകനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി തന്നെയാണ് ആ കുട്ടി. നെഹ്രുവിന്റെ കേരള സന്ദർശന സമയത്തെടുത്ത ഈ ചിത്രത്തിൽ ഇല്ലെങ്കിലും രാജീവിന്റെ ഇളയ സഹോദരൻ സഞ്ജയ് ഗാന്ധിയും അന്ന് തിരുവനന്തപുരത്തെത്തിയിരുന്നു. അത്യപൂർവമായ ഈ ചിത്രം ചരിത്രത്തിലെ ശ്രദ്ധേയമായ ഒരോർമ്മയാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പക്കലെ ശേഖരത്തിലാണ് ഈ അപൂർവചിത്രമുളളത്.