v-muraleedharan

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെ വേട്ടയാടാൻ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ മുരളീധരനെ ആക്രമിക്കുകയാണ്. അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പ്രതികരിച്ചു.

സംസ്ഥാനത്തെ ജനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ കൊവിഡ് മാനദണ്ഡങ്ങളും തെറ്റിച്ചതിനെ ചോദ്യം ചെയ്തതിനാണ് സി.പി.എം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കേരളം ലോക റെക്കോഡിലെത്തി നിൽക്കുമ്പോൾ വിഷയം വഴിമാറ്റാനാണ് സർക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാർട്ടിക്കോട്ടയിൽ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരൻ. മെയ് രണ്ട് കഴിഞ്ഞാൽ ഇന്ത്യാ ഭൂപടത്തിൽ നിന്നും തന്നെ പുറംതള്ളപ്പെടാനിരിക്കുന്ന സി.പി.എമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപ്പാമ്പാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ വെറും പി.ആർ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്നാരോപിച്ച് മുരളീധരൻ നേരത്തെ രംഗത്ത് വന്നിരുന്നു. പിന്നാലെ കേന്ദ്രമന്ത്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത മുരളീധരന്റെ നടപടികൾ തിരുത്തുന്നതിന് പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രസ്താവനയും ഇറക്കി. മുരളീധരനെതിരെ രൂക്ഷവിമർശനമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഉടനീളം.