കൊച്ചി: സിന്തറ്റിക്ക് ലഹരിമരുന്നുകൾ ഒഴുകുന്ന കൊച്ചിയിലെ നിശാപാർട്ടികളുടെ മറവിൽ സെക്സ് റാക്കറ്റും സജീവം. നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ എക്സൈസും കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും നടത്തിയ മിന്നൽ പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട നിർണായകവിവരങ്ങൾ ലഭിച്ചു. നിശാപാർട്ടികളുടെ ഭാഗമായി ബുക്കുചെയ്യുന്ന ഹോട്ടൽ റൂമുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന്, പെൺവാണിഭ ഇടപാടുകൾ. ഉയർന്നജോലിയും സാമ്പത്തികശേഷിയുമുള്ള യുവതീയുവാക്കൾ മയക്കുമരുന്ന് ലഹരിയിൽ നിശാപാർട്ടികൾ സെക്സിന്റെ ആഘോഷമാക്കുന്നുവെന്നാണ് സൂചന.
രഹസ്യമായി സംഘടിപ്പിക്കുന്ന നിശാപാർട്ടികൾ പാശ്ചാത്യനാടുകളിലേതിന് സമാനമാണ്. കൊവിഡ് മാദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി നടക്കുന്ന പാർട്ടികളിൽ കേരളത്തിന് പുറത്തുനിന്നും ആളെത്തുന്നുണ്ട്.
കഴിഞ്ഞദിവസം എക്സൈസ് റെയ്ഡ് നടന്ന കൊച്ചിയിലെ ഒരു ഹോട്ടലിൽ പല ആഴ്ചകളിലായി രഹസ്യമായി സംഘടിപ്പിച്ചത് ഇരുപതിലധികം പാർട്ടികളാണ്. സമാനമാണ് മറ്റ് ഹോട്ടലുകളിലെയും കണക്ക്. ശനിയാഴ്ചകളിലാണ് പാർട്ടികൾ. സംഘാടകരുടെ വിവരങ്ങൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. റെയ്ഡുകൾക്കിടെ മുങ്ങിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 98 പേരാണ് നിരീക്ഷണത്തിലുള്ളത്.
നിശാപാർട്ടികൾക്കായി ലഹരിമരുന്ന് എത്തിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. ബംഗളുരു സ്വദേശി പയസാണ് സിന്തറ്റിക്ക് മയക്കുമരുന്നുകൾ നൽകിയതെന്നാണ് മൊഴി.
റേവ് പാർട്ടികളുടെ ഭാഗമായ എം.ഡി.എം.എ ബംഗളൂരുവിൽ നിന്ന് എത്തിച്ചെന്നാണ് നിഗമനം. പ്രതികളുടെ മൊബൈൽ ഫോണുകൾ കോടതിയിലാണ്. ഇതുവാങ്ങി പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് എക്സൈസ്. പിടിയിലായ നാലുപേരെ ജയിലിൽ ചോദ്യംചെയ്യാനുള്ള അനുമതി തേടിയിട്ടുണ്ട്.
നിശാപാർട്ടിക്ക് ഉപയോഗിക്കുന്ന ലഹരിമരുന്നുകൾ
1. എം.ഡി.എം.എ
2.ഐസ് മെത്ത്
3.ഹാഷിഷ് ഓയിൽ
4.ഹാഷിഷ്
5.കൊക്കൈൻ
6. കഞ്ചാവ്
പ്രവേശനത്തിന്
1. ഓൺലൈൻവഴി പണമിടപാട്
2. പെൺസുഹൃത്തുണ്ടെങ്കിൽ ഇളവ്
3. വിവരങ്ങൾ കൈമാറാൻ ടെലിഗ്രാം ഗ്രൂപ്പുകൾ