കൊൽക്കത്ത: കൂച്ച് ബിഹാർ സംഭവുമായി ബന്ധപ്പെട്ട് തന്റേതെന്ന് ആരോപിച്ച് ബി.ജെ.പി പുറത്തുവിട്ട ഫോൺ സംഭാഷണത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പി തനിയ്ക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മമത പറഞ്ഞു. എനിയ്ക്ക് തോന്നുന്നത് ബി.ജെ.പി ഞങ്ങളുടെ സംഭാഷണങ്ങളിലേയ്ക്കെല്ലാം ഒളിഞ്ഞു നോക്കുകയാണെന്നാണ്. വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ വരെ അവർ ചോർത്തുന്നുണ്ട്. ഫോൺ സംഭാഷണങ്ങളുടെ സാധുത തെളിയിക്കാൻ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനും തൃണമൂൽ കോൺഗ്രസ് കത്തയച്ചിട്ടുണ്ട്. കൂച്ച് ബിഹാറിലെ വെടിവയ്പ്പിൽ മരിച്ച നാല് പേരുടെ മൃതശരീരം ഇപ്പോൾ സംസ്കരിക്കരുതെന്നും മൃതശരീരങ്ങളുമായി റാലി നടത്തണമെന്നും പറയുന്ന സംഭാഷണ ശകലം ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് പുറത്തുവിട്ടത്. മമതയും തൃണമൂലിന്റെ സിതാൽകുചി സ്ഥാനാർത്ഥി പാർത്ഥ പ്രഥിം റേയും തമ്മിൽ നടത്തിയ സംഭാഷമാണിതെന്നാണ് ബി.ജെ.പിയുടെ ആരോപണം.