കാസർകോട്: നഗരത്തിലെ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് മേശവലിപ്പിൽ സൂക്ഷിച്ച 20,000 രൂപ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ വളാശേരി ഹൗസിൽ മുഹമ്മദ് ഷാനിദി (28)നെയാണ് ഇന്നലെ പുലർച്ചെ എസ്.ഐ കെ.വി രാജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പഴയ ബസ് സ്റ്റാൻഡിന് സമീപം സംശയസാഹചര്യത്തിൽ കണ്ട ഷാനിദിനെ ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ നടത്തിയ മോഷണം സംബന്ധിച്ച് സൂചന ലഭിച്ചത്.
അഞ്ച് ദിവസം മുമ്പ് കാസർകോട്ടെ ബുക്ക് സ്റ്റാൾ ഉടമയും പത്ര ഏജന്റുമായ ബി.എച്ച് അബൂബക്കർ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള യു.കെ 2 ഫ്രഷ് ഫ്രൂട്സ് കടയിൽ നിന്ന് പണം കവർന്ന കേസിലാണ് അറസ്റ്റ്. കടയുടെ മുകൾ ഭാഗത്തെ പ്ലൈവുഡ് ഇളക്കിയായിരുന്നു അകത്ത് കടന്ന് കവർച്ച നടത്തിയത്. എ.എസ്.ഐ പ്രേമാനന്ദൻ, സിവിൽ പൊലീസ് ഓഫീസർ ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മറ്റു മോഷണങ്ങളിൽ ഷാനിദിന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.