kk

സിഡ്നി: സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ സാധനങ്ങൾക്കിടയിൽ ഒരു പാമ്പിനെ കണ്ടാൽ എന്തായിരിക്കും അവസ്ഥ. ആരും ഒരിക്കലും പ്രതീക്ഷിക്കാത്തതിനാൽ പ്രതികരണം പ്രവചനാതീതമായിരിക്കും. എന്നാൽ ഇത്തരമൊരു സംഭവം നടന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ. സാധനങ്ങൾ വാങ്ങിയെത്തിയ ദമ്പതികൾക്ക് ചീര പായ്ക്കറ്റിൽ നിന്നും പാമ്പിനെയാണ് ലഭിച്ചത്.
അലക്സാണ്ടർ വൈറ്റും ഭാര്യ അമേലി നീറ്റും സിഡ്നിയിലെ അൽഡി സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റിനുള്ളിലാണ് കൊടും വിഷമുള്ള പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. പാക്കറ്റിനുള്ളിൽ നിന്ന് നാവ് നീട്ടിക്കൊണ്ട് ഇഴഞ്ഞ് നടക്കുന്ന രീതിയിലായിരുന്നു പാമ്പ്. 20 സെന്റിമീറ്ററോളം നീളമുള്ള പാമ്പിൻ കുഞ്ഞ് ചീര പായ്ക്കറ്റിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഇവിടെ നിന്ന് ചീര വാങ്ങിയ വൈറ്റ് പാമ്പിൻ കുഞ്ഞുമായി 10 മിനിറ്റ് നേരം സൈക്കിളിൽ യാത്ര ചെയ്താണ് വീട്ടിലെത്തിയത്. വാങ്ങിയ സാധനങ്ങളുടെ പായ്ക്കറ്റ് അഴിക്കാൻ ആരംഭിച്ചതോടെയാണ് പായ്ക്കറ്റിനുള്ളിലെ പാമ്പിൻ കുഞ്ഞ് ദമ്പതികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ ഉടൻ തന്നെ വന്യജീവ് റെസ്ക്യു സംഘടനയെ വിവരമറിയിച്ചു. സ്ഥലത്തെത്തി പരിശോധിച്ച സംഘമാണ് ഇത് ഉഗ്രവിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണെന്ന് കണ്ടെത്തിയത്. പാമ്പിനെ സംഘം കൊണ്ട് പോവുകയും ചെയ്തു.