അൻപതുകളിൽ തമിഴ് സിനിമയിൽ കലൈവാണർ ( കലാപ്രേമി ) എന്നറിയപ്പെട്ടിരുന്ന ' ഇന്ത്യൻ ചാർലി ചാപ്ലിൻ' എൻ. എസ് കൃഷ്ണന്റെ പിൻഗാമി എന്ന അർത്ഥത്തിൽ ചിന്ന കലൈവാണർ എന്നാണ് വിവേക് അറിയപ്പെട്ടിരുന്നത്.
തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ അംഗൈയ പാണ്ഡ്യൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്തു. ചെന്നൈയിൽ ജോലി ചെയ്യുമ്പോൾ സംവിധായകൻ കെ. ബാലചന്ദറുമായി സൗഹൃദത്തിലായി. തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി. വിവേകിലെ നടനെ തിരിച്ചറിഞ്ഞ ബാലചന്ദർ 1987ൽ മനതിൽ ഉരുതി വേണ്ടും എന്ന സിനിമയിലൂടെ വിവേകിനെ കാമറയ്ക്ക് മുന്നിലെത്തിച്ചു. വിവേക് എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേര്. അന്ന് മുതൽ തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി വിവേക്. സൂപ്പർതാര സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി. രജനീകാന്തിനെ പോലുള്ള താരങ്ങൾ സ്വന്തം സിനിമകളിൽ വിവേകിന് തിളങ്ങാൻ കൂടുതൽ അവസരങ്ങൾ നൽകി.നായകസൗന്ദര്യമുള്ള ചിരിയും കോമഡിയിലെ അപാരമായ സമയബോധവും വിവേകിനെ ജനപ്രയ താരമാക്കി. നായകനൊപ്പം പ്രാധാന്യത്തോടെ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട താകമായിരുന്നു വിവേക്.
വർഷം അൻപതിലേറെ സിനിമകളിൽ വരെ അഭിനയിച്ച കാലം ഉണ്ടായിരുന്നു. ഉന്നരുഗേ നാൻ ഇരുന്താൽ, കുരുവി, ശിവാജി, അന്യൻ, മീസയൈ മുറുക്ക്, സാമി, പഠിക്കാതവൻ, പ്രിയമാനവളേ, അലയ് പായുതേ, മിന്നലേ, കാഷ്മോര പ്രിയദർശന്റെ ലേസാ, ലേസാ തുടങ്ങി 220 ലേറെ ചിത്രങ്ങളിൽ വിവേക് അഭിനയിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിലെ മോശം പ്രവണതകളെ വിമർശിച്ചിരുന്നു. മികച്ച ഹാസ്യ നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അഞ്ചും ഫിലിം ഫെയറിന്റെ മൂന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മകനേ എൻ മരുമകനേ, വെള്ളപ്പൂക്കൾ തുടങ്ങിയ ചില ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. ഹരീഷ് കല്യാൺ നായകനായ ധാരാള പ്രഭുവാണ് അവസാന റിലീസ്. കമലഹാസന്റെ ഇന്ത്യൻ 2, വിജയ് സേതുപതിയുടെ യാദും ഊരേ യാവരും കേളിർ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്.
@കലാമിന്റെ ആരാധകൻ
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി വിവേക് നടത്തിയ ടെലിവിഷൻ അഭിമുഖങ്ങൾ ശ്രദ്ധ നേടിയിരുന്നു. കലാമിന്റെ പരിസ്ഥിതി ആശയങ്ങളിൽ ആകൃഷ്‌ടനായ വിവേക് തമിഴ്നാട്ടിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ 2011ൽ ഗ്രീൻ കലാം എന്ന ബൃഹദ് പദ്ധതിക്ക് തുടക്കമിട്ടു. ഇതുവരെ 33 ലക്ഷത്തിലേറെ തൈകൾ നടുകയും ചെയ്‌തു.
മോദിയുടെ അനുശോചനം
''വിവേകിന്റെ അകാല നിര്യാണം എല്ലാവരെയും ദുഃഖിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഹാസ്യത്തലെ സമയബോധവും ബുദ്ധിപരമായ ഡയലോഗുകളും ജനങ്ങളെ ആഹ്ലാദിപ്പിച്ചു. പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത ജീവിതത്തിലും സിനിമയിലും അദ്ദേഹം പ്രകടമാക്കി. കുടുംബത്തെയും ആരാധകരെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.''
--പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ