മുംബയ്: സർക്കാരിന്റെ 14,000 കോടി രൂപ മൂല്യമുള്ള കടപ്പത്രങ്ങളുടെ (ജി-സെക് : ഗവൺമെന്റ് സെക്യൂരിറ്റീസ്) ലേലം റദ്ദാക്കി റിസർവ് ബാങ്ക്. 10-വർഷക്കാലാവധിയുള്ള ബോണ്ടുകളുടെ വില്പനയാണ് ഒഴിവാക്കിയത്. നിക്ഷേപകർ കൂടുതൽ ബോണ്ട് യീൽഡ് (കടപ്പത്രങ്ങളിൽ നിന്നുള്ള റിട്ടേൺ/പലിശ) ചോദിച്ചതും ഇത് റിസർവ് ബാങ്ക് അനുവദിക്കാത്തതുമാണ് ലേലം റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
2022ൽ കാലാവധി അവസാനിക്കുന്ന 3,000 കോടി രൂപയുടെ കടപ്പത്ര ലേലം ലക്ഷ്യമിട്ടെങ്കിലും ഇതിലൂടെ കഴിഞ്ഞവാരം 5,100 കോടി രൂപ റിസർവ് ബാങ്ക് സമാഹരിച്ചിരുന്നു. 2061ൽ കാലാവധി തീരുന്ന 9,000 കോടി രൂപ മൂല്യമുള്ള കടപ്പത്രങ്ങളുടെ ലേലവും നടത്തിയെങ്കിലും സമാഹരിച്ചത് 6,237 കോടി രൂപയാണ്. 2030ൽ കാലാവധി അവസാനിക്കുന്ന കടപ്പത്രങ്ങളുടെ ലേലമാണ് റദ്ദാക്കിയത്. 2026ൽ കാലാവധി അവസാനിക്കുന്ന 11,000 കോടി രൂപയുടെ കടപ്പത്രം വാങ്ങാനും നിക്ഷേപകർ കുറവായിരുന്നു. വിപണിയിൽ ഡിമാൻഡ് ദുർബലമാണെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.
10-വർഷ ബോണ്ട് യീൽഡ് കഴിഞ്ഞവാരാന്ത്യമുള്ളത് 6.0317 ശതമാനത്തിലാണ്. ബോണ്ട് വിലയും യീൽഡും എതിർദിശയിലാണ് പൊതുവേ സഞ്ചരിക്കാറുള്ളത്. ബോണ്ട് വില 98.825 രൂപയിൽ നിന്ന് 98.68 രൂപയിലേക്ക് കുറഞ്ഞപ്പോൾ യീൽഡ് 6.0114 ശതമാനത്തിൽ നിന്നാണ് കൂടിയത്. ഇതിലും ഉയർന്ന യീൽഡ് നിക്ഷേപകർ ആവശ്യപ്പെട്ടതോടെയാണ് ലേലം റദ്ദാക്കപ്പെട്ടത്. നടപ്പുപാദത്തിൽ (ഏപ്രിൽ-ജൂൺ) കടപ്പത്ര വില്പനയിലൂടെ ഒരുലക്ഷം കോടി രൂപ സമാഹരിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിട്ടിട്ടുള്ളത്.